ഖാൻ യൂനിസിലെ ആശുപത്രി വളപ്പിലും കൂട്ടക്കുഴിമാടം; കണ്ടെടുത്തത് 50 മൃതദേഹങ്ങൾ
text_fieldsഗസ്സ സിറ്റി: ഗസ്സയിലെ അൽ ശിഫ ആശുപത്രിയിലും ബൈത് ലാഹിയയിലും കണ്ടെത്തിയതിന് സമാനമായ കൂട്ടക്കുഴിമാടം ഖാൻ യൂനിസിലും. ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്സിലാണ് ഫലസ്തീൻ എമർജൻസി സർവീസ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്.
ഖാൻ യൂനിസിൽ നിന്ന് ഇസ്രായേൽ സേന പിന്മാറി രണ്ടാഴ്ചക്ക് ശേഷമാണ് മെഡിക്കൽ കോംപ്ലക്സിൽ കൂട്ടക്കുഴിമാടം കണ്ടെത്തിയത്. പ്രദേശത്ത് തിരച്ചിൽ വ്യാപിപ്പിച്ചതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഫലസ്തീൻ എമർജൻസി സർവീസ് അറിയിച്ചു.
ഏപ്രിൽ ഏഴിനാണ് ഇസ്രായേൽ സേന തെക്കൻ നഗരത്തിൽ നിന്ന് പിൻവാങ്ങിയത്. മാസങ്ങൾ നീണ്ട ഇസ്രായേൽ ബോംബ് ആക്രമണത്തിനും കരയുദ്ധത്തിനും ശേഷം ഖാൻ യൂനിസ് നഗരത്തിന്‍റെ ഭൂരിഭാഗ പ്രദേശങ്ങളും തകർന്ന് തരിപ്പണമായിട്ടുണ്ട്.
ഇസ്രായേൽ തകർത്ത വടക്കൻ ഗസ്സ മുനമ്പിലെ അൽ ശിഫ ആശുപത്രിയിലും ബൈത് ലാഹിയയിലുമാണ് ഏപ്രിൽ 15ന് കൂട്ടക്കുഴിമാടം കണ്ടെത്തിയിരുന്നു. ഇസ്രായേൽ സൈന്യം വകവരുത്തിയ വൃദ്ധരും സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400ലധികം പേരുടെ മൃതദേഹങ്ങളാണ് കൂട്ടക്കുഴിമാടത്തിൽ നിന്ന് ഗസ്സ ആരോഗ്യ മന്ത്രാലയവും സിവിൽ ഡിഫൻസ് ഫോഴ്സും കണ്ടെടുത്തത്. ബൈത് ലാഹിയയിൽ നിന്ന് 20 മൃതദേഹങ്ങളും കണ്ടെത്തി.
രണ്ടാഴ്ചയോളം ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയ ഇസ്രായേൽ സൈന്യം ഫലസ്തീനികളെ കൂട്ടക്കൊല ചെയ്ത് കൂട്ടക്കുഴിമാടം തീർത്ത് മറവ് ചെയ്യുകയായിരുന്നു. ശരീരത്തിൽ മെഡിക്കൽ ബാൻഡേജുകളും കത്തീറ്ററുകളും ഉള്ള നിലയിൽ പൂർണമായി അഴുകാത്ത മൃതദേഹങ്ങൾ അടുത്തിടെ മറവ് ചെയ്തതാണ്. നാല് തവണ അൽശിഫ ആശുപത്രിയെ ആക്രമിച്ച ശേഷമാണ് ഇസ്രായേൽ സേന പ്രദേശത്ത് നിന്ന് പിൻവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.