റഫയിൽ കുരുന്നുകളുടെ അറുകൊല; മരണസംഖ്യ 34,000 കടന്നു
text_fieldsഗസ്സ സിറ്റി: രാജ്യാന്തര സമ്മർദങ്ങൾ അവഗണിച്ച് ഗസ്സയിൽ വംശഹത്യ തുടർന്ന് ഇസ്രായേൽ. 14 ലക്ഷത്തോളം പേർ തിങ്ങിത്താമസിക്കുന്ന റഫയിൽ താമസ കെട്ടിടങ്ങൾക്കു മേൽ നടത്തിയ ബോംബിങ്ങിൽ ആറു കുരുന്നുകളടക്കം 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഇവിടെ പരിക്കുണ്ട്.
അഭയാർഥികളായ സ്ത്രീകളും കുട്ടികളും താമസിക്കുന്ന വീടുകൾക്കുമേലാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബ് വർഷിച്ചത്. ആശുപത്രിയിലെത്തിച്ച പരിക്കേറ്റവരിലും കുട്ടികളും സ്ത്രീകളുമുണ്ട്. ഇവിടെ പരിസരത്തെ ഖബർസ്ഥാനുകൾ വരെ ഇസ്രായേൽ ബോംബിട്ടു തകർത്തതായി ഫലസ്തീനികൾ പറഞ്ഞു.
നാലിടങ്ങളിലായി 24 മണിക്കൂറിനിടെ നടന്ന കനത്ത ബോംബിങ്ങിൽ കൊല ചെയ്യപ്പെട്ടത് 37 ഫലസ്തീനികൾ. 68 പേർക്ക് പരിക്കേറ്റു. ഇതോടെ ഗസ്സയിലെ മരണസംഖ്യ 34,000 കടന്നു. അതിനിടെ, നുസൈറാത്ത് അഭയാർഥി ക്യാമ്പിനു സമീപം അൽമുഗ്റഖയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അഭയാർഥി ക്യാമ്പിൽ കഴിഞ്ഞദിവസം നടന്ന ബോംബിങ്ങിൽ മൂന്നു വീടുകൾ ചാരമാക്കപ്പെട്ടിരുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നൂർ ശംസ് അഭയാർഥി ക്യാമ്പിൽ രണ്ടാം ദിവസവും തുടർന്ന ഇസ്രായേൽ റെയ്ഡിൽ ഒരു ബാലനടക്കം അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കുണ്ട്.
മൂന്നു വീടുകൾക്ക് പുറമെ ക്യാമ്പിലെ അടിസ്ഥാന സൗകര്യങ്ങളും തകർത്താണ് ബുൾഡോസറുകളുമായി സൈനിക റെയ്ഡ്. മൃതദേഹങ്ങൾ പിടിച്ചുവെച്ചും ആംബുലൻസുകൾ കടത്തിവിടാതെയും ഇസ്രായേൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും ഫലസ്തീനികൾ പറഞ്ഞു. രണ്ടുദിവസത്തിനിടെ ക്യാമ്പിൽ മരിച്ചവരുടെ എണ്ണം 10 ആയി. 30 പേരെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു. ഒക്ടോബർ ഏഴിനു ശേഷം 8,340 ഫലസ്തീനികളാണ് ഇതുവരെ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.