ഇസ്രായേലിൽ വൻ പ്രതിഷേധം; ഹെലികോപ്ടറിൽ ‘രക്ഷപ്പെട്ട്’ നെതന്യാഹു
text_fieldsജറൂസലം: ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമനിർമാണത്തിനെതിരെ ഇസ്രായേലിൽ ശക്തമായ പ്രതിഷേധം. റോമിലേക്ക് പോകാൻ ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്ക് തിരിച്ച പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ സമരക്കാർ റോഡ് തടസ്സപ്പെടുത്തിയതിനെ തുടർന്ന് ഹെലികോപ്ടറിലാണ് വിമാനത്താവളത്തിൽ എത്തിച്ചത്. ‘ഏകാധിപതി തിരിച്ചു വരരുത്’ എന്ന ബോർഡ് തൂക്കിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ ബലമായി നീക്കി പൊലീസ് റോഡ് തുറന്നുകൊടുത്തു. 15 സമരക്കാരെ അറസ്റ്റ് ചെയ്തു.
വിമാനത്താവളത്തിലേക്കുള്ള റോഡുകൾ തടസ്സപ്പെട്ടത് യാത്രക്കാരെ വലച്ചു. വിമാന സർവിസുകളൊന്നും മാറ്റിവെക്കേണ്ടി വന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. സുപ്രീംകോടതിയുടെ അധികാരം കവരാനുള്ള സർക്കാർ നീക്കത്തിനെതിരെ രണ്ടുമാസത്തിലേറെയായി പ്രതിഷേധം ശക്തമാണ്. കഴിഞ്ഞയാഴ്ച സമരക്കാർക്ക് നേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞിരുന്നു.
പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് സുപ്രീംകോടതി വിധി അസാധുവാക്കാൻ അധികാരം നൽകുന്ന നിയമപരിഷ്കരണത്തിനെതിരെയാണ് പ്രക്ഷോഭം. അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ സംരക്ഷിക്കാനാണ് നിയമനിർമാണമെന്നാണ് വിമർശനം.ഏകാധിപത്യത്തിലേക്കുള്ള ചവിട്ടുപടിയായാണ് സമരക്കാർ ഇതിനെ കാണുന്നത്. കോടതിയുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലുമായി പാർലമെന്റ് കമ്മിറ്റി മുന്നോട്ടുപോവുകയാണ്.
യു.എസ് പ്രതിരോധ സെക്രട്ടറി ഇസ്രായേലിൽ
ജറൂസലം: യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേൽ സന്ദർശിച്ചു. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമനിർമാണത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം നടക്കുകയാണ്. സമരക്കാർ ഓസ്റ്റിൻ വന്നിറങ്ങിയ ബെൻ ഗുറിയോൺ വിമാനത്താവളത്തിലും പ്രതിഷേധം സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.