മക്ഡൊണാൾഡ്സ് റഷ്യ വിടുന്നു; 850 റസ്റ്റോറന്‍റുകളും വിൽക്കും
text_fieldsമോസ്കോ: ബർഗർ ഭീമൻ മക്ഡൊണാൾഡ്സ് റഷ്യ വിടുന്നു. റഷ്യയിലെ 850 റസ്റ്റോറന്‍റുകളും വിൽക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. യുക്രെയ്നിലെ റഷ്യൻ ആക്രമണമാണ് റെസ്റ്റോറന്റുകൾ അടച്ചുപൂട്ടുന്നതിലേക്ക് കമ്പനിയെ നയിച്ചത്. നിലവിലുള്ള 62000 തൊഴിലാളികൾക്കും കരാർ കഴിയും വരെ ശമ്പളം നൽകുമെന്നും ഇവർക്കെല്ലാം ജോലി നൽകുന്ന പുതിയൊരു കമ്പനിക്ക് റസ്റ്റോറന്‍റുകൾ വിൽക്കുമെന്നും മക്ഡൊണാൾഡ്സ് വ്യക്തമാക്കി. യുക്രൈൻ യുദ്ധത്തെ തുടർന്ന് വിവിധ കമ്പനികൾ രാജ്യം വിടുന്നതിലൂടെ റഷ്യ ലോകത്തിന് മുന്നിൽ ഒറ്റപ്പെടുകയാണ്.
ഒരു പ്രധാന വിപണിയിൽ നിന്നും കമ്പനി പുറത്ത് കടക്കുന്നത് ഇതാദ്യമാണെന്നും യുക്രെയ്നിലെ ജനങ്ങളുടെ അവസ്ഥ കാണാതിരിക്കാനാവില്ലെന്നും മക്ഡൊണാൾസ് പ്രസിഡന്‍റും സി.ഒ.യുമായ ക്രിസ് കെംപിൻസ്കി പറഞ്ഞു. ചില റസ്റ്റോറൻ്റുകൾ അടച്ചുപൂട്ടുകയാണെന്നും എന്നാൽ, തൊഴിലാളികൾക്ക് ശമ്പളം മുടങ്ങില്ലെന്നും മാർച്ച് മാസം അവസാനം കമ്പനി അറിയിച്ചിരുന്നു. അടച്ചിടലിലൂടെ ഓരോ മാസവും 55 മില്യൺ ഡോളറിന്‍റെ നഷ്ടമാണ് ഉണ്ടായത്. റഷ്യയിലെ വിവിധ ഭാഗങ്ങളിലുള്ള കമാനങ്ങളും മറ്റ് ചിഹ്നങ്ങളും നീക്കം ചെയ്യാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. അതേസമയം, റഷ്യയിൽ നിന്ന് പുറത്ത് കടന്നാൽ 1300 പുതിയ റസ്റ്റോറന്‍റുകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയിലെ ബിസിനസ് അവസാനിപ്പിക്കുന്നതിലൂടെ 1.2 മുതൽ 1.4 ബില്യൺ ഡോളറിന്‍റെ ഇടിവ് കമ്പനിക്ക് ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ മാസം ആദ്യപാദത്തിൽ 1.1 ബില്യൺ ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. എന്നാൽ, 2021ൽ ഇത് 1.5 ബില്യൺ ഡോളറായി. കൂടാതെ, യുക്രെയ്നിലെ 108 റസ്റ്റോറന്‍റുകളും കമ്പനി നേരത്തെ അടച്ചിരുന്നു. എന്നാൽ, മുഴുവൻ തൊഴിലാളികൾക്കും ശമ്പളം നൽകി. 30 വർഷങ്ങൾക്ക് മുമ്പ് മോസ്കോയിലാണ് റഷ്യയിലെ ആദ്യ റസ്റ്റോറന്‍റ് മക്ഡൊണാൾഡ്സ് ആരംഭിച്ചത്. നൂറിലധികം രാജ്യങ്ങളിലായി 39000 കേന്ദ്രങ്ങൾ കമ്പനിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.