നിജ്ജാർ വധം: 'ഇന്ത്യയുടെ പങ്കിന് വ്യക്തമായ തെളിവില്ല'; ട്രൂഡോയെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രാലയം
text_fieldsന്യൂഡൽഹി: ഹർദീപ് സിങ് നിജ്ജാർ വധവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ഇന്ത്യക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും എതിരെ കാനഡ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ തെളിയിക്കാൻ ഒരു തരത്തിലുമുള്ള തെളിവുകളും കാനഡ ഹാജരാക്കിയിട്ടില്ലെന്ന് മുൻ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഹർദീപ് സിങ്ങ് നിജ്ജാർ വധവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകളില്ലെന്നും ഇന്റലിജൻസ് വിവരങ്ങൾ മാത്രമാണ് ഉള്ളതെന്നുമുള്ള കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന മുൻനിർത്തിയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. ഞങ്ങൾ കുറേക്കാലമായി പറയുന്നതിന് സ്ഥിരീകരണം നൽകുക മാത്രമാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചെയ്തിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഇന്ത്യൻ നയതന്ത്രപ്രതിനികൾക്കെതിരെ കാനഡ ഉന്നയിച്ച ആരോപണങ്ങൾക്ക് അവർ ഒരു തെളിവും കൈമാറിയിട്ടില്ലെന്ന തങ്ങളുടെ മുൻനിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് രൺധീർ ജയ്സ്വാൾ പറഞ്ഞു. കാനഡയുടെ പ്രതികരണം മൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഉണ്ടായ ഉലച്ചിലിന് ട്രൂഡോ മാത്രമാണ് ഉത്തരവാദിയെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.
ഹർദീപ് സിങ് നിജ്ജാർ വധത്തിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവുകളില്ലെന്നും ഇന്റലിജൻസ് വിവരങ്ങൾ മാത്രമാണ് ഉള്ളതെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് പരിശോധന നടത്താൻ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംഭവത്തിൽ ഇന്ത്യ തെളിവ് ചോദിക്കുകയാണ് ഉണ്ടായത്. പക്ഷേ നിലവിൽ ഇന്ത്യക്ക് കൈമാറാൻ വ്യക്തമായ തെളിവുകളൊന്നുമില്ലെന്ന് ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.