വെടിനിർത്തൽ കരാറിലേക്ക് കൂടുതൽ അടുത്തെന്ന് ബൈഡൻ; അടുത്തയാഴ്ചയോടെ അന്തിമരൂപമാകുമെന്ന് മധ്യസ്ഥർ
text_fieldsവാഷിങ്ടൺ/ദോഹ: ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാനും ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കാനുമുള്ള കരാറിലേക്ക് തങ്ങൾ കൂടുതൽ അടുത്തിരിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. “ഞങ്ങൾ കരാറുമായി എന്നത്തേക്കാളും കൂടുതൽ അടുത്തിരിക്കുന്നു. മൂന്ന് ദിവസം മുമ്പുള്ളതിനേക്കാൾ കാര്യങ്ങളിൽ പരോഗതിയുണ്ട്’ -ദോഹയിൽ നടന്ന സന്ധി സംഭാഷണത്തിന് പിന്നാലെ വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ ബൈഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കരാറിന് അടുത്ത ആഴ്ചയോടെ അന്തിമരൂപം കൈവരിക്കുമെന്ന് മധ്യസ്ഥരായ ഖത്തർ, അമേരിക്ക, ഈജിപ്ത് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. അടുത്ത ആഴ്‌ച അവസാനത്തോടെ കെയ്‌റോയിൽ വീണ്ടും ചേരുമെന്നും ഇവർ അറിയിച്ചു. നിരന്തരം ചർച്ച നടത്തി ഇസ്രായേൽ പ്രഹസനമാക്കുകയാണെന്നാരോപിച്ച് ഹമാസ് ചർച്ചയിൽ പങ്കെടുത്തിരുന്നില്ല. തങ്ങളുടെ നിർദേശങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ഇസ്രായേൽ അവ അംഗീകരിക്കുകയാണെങ്കിൽ കരാറിന് സന്നദ്ധമാണെന്നും ഹമാസ് അറിയിച്ചിരുന്നു.
ഗസ്സയിലെ ഇസ്രായേൽ നരനായാട്ട് ഇന്ന് 316 ദിവസം പിന്നിടുമ്പോഴാണ് യുദ്ധം അവസാനിപ്പിക്കാനാവുമെന്ന പ്രതീക്ഷയോടെ ഇന്നലെ ദോഹയിൽ നടന്ന മധ്യസ്ഥ ചർച്ച അവസാനിച്ചത്. ഗൗരവപരവും ക്രിയാത്മകവുമായിരുന്നു രണ്ടു ദിവസത്തെ ചർച്ച. ചർച്ചയുടെ രണ്ടാം ഘട്ടം അടുത്തയാഴ്ച ഈജിപ്തിലെ കൈറോയിൽ നടക്കും. ദോഹ ചർച്ചയിലൂടെ രൂപപ്പെട്ട നിർദേശങ്ങൾ നടപ്പാക്കാനും വെടിനിർത്തൽ കരാറിൽ എത്താനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
അതിനിടെ, ഒരുവശത്ത് ചർച്ച പുരോഗമിക്കുമ്പോൾ മറുവശത്ത് ഗസ്സയിൽ ഇസ്രായേൽ സൈന്യം പുതിയ കൂട്ടക്കൊലകളും കുടിയൊഴിപ്പിക്കലുമായി ആക്രമണം നിർബാധം തുടരുകയാണ്. ഹമാസിനെ കരാറിന് സമ്മതിപ്പിക്കാനുള്ള മധ്യസ്ഥരുടെ ശ്രമങ്ങൾക്ക് നെതന്യാഹു നന്ദി പറഞ്ഞു. ഇസ്രായേലിന്റെ നിർദ്ദേശം അംഗീകരിക്കാൻ ഹമാസിനുമേൽ മധ്യസ്ഥർ നടത്തുന്ന സമ്മർദ്ദം ഫലം കാണുമെന്ന് ഇസ്രായേൽ പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു.
സമാധാന കരാറിനായി മധ്യസ്ഥ രാഷ്ട്രങ്ങളുടെ നേതൃത്വത്തിൽ മാർഗനിർദേശം മുന്നോട്ടുവെച്ചാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന ദോഹ ചർച്ച അവസാനിച്ചത്. മേയ് 31ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദേശങ്ങളുടെയും യു.എൻ സുരക്ഷ കൗൺസിൽ പ്രമേയത്തിന്റെയും അടിസ്ഥാനത്തിലുള്ള സമാധാന പദ്ധതിയെ അടിസ്ഥാനമാക്കിയാവും തുടർചർച്ചകൾ. അടുത്ത ഘട്ടമെന്ന നിലയിൽ ബന്ദിമോചനം, വെടിനിർത്തൽ കരാർ, അതിർത്തിയിലെ നിയന്ത്രണം, മാനുഷിക സഹായം തുടങ്ങിയ വിഷയങ്ങളിൽ സാങ്കേതിക സംഘം വിശദപരിശോധന നടത്തി അന്തിമ ധാരണയിലെത്തും.
മൊസാദ് തലവന് ഡേവിഡ് ബെര്ണിയ, ആഭ്യന്തര സുരക്ഷ വിഭാഗം മേധാവി റോനൻ ബാർ, മിലിട്ടറി ഹോസ്റ്റേജ് ചീഫ് നിറ്റ്സാൻ അലോൺ എന്നിവർ ഇസ്രായേൽ പക്ഷത്തുനിന്ന് പങ്കെടുത്തു. ഹമാസ് മാറിനിന്നെങ്കിലും ചർച്ചയിലെ നിർദേശങ്ങൾ അവരുമായി മധ്യസ്ഥർ ആശയവിനിമയം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ചർച്ചക്കായി ഖത്തറിലേക്ക് പോയ ഇസ്രായേലി പ്രതിനിധികൾക്ക് താക്കീതുമായി തെൽഅവീവിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് മുന്നിൽ കഴിഞ്ഞ ദിവസം പടുകൂറ്റൻ റാലി നടന്നിരുന്നു. ബന്ദിമോചന, വെടിനിർത്തൽ കരാർ ഒപ്പിട്ടിട്ടല്ലാതെ ഇസ്രായേലിലേക്ക് മടങ്ങിവരരുതെന്ന് ഗസ്സയിൽ ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കളും നൂറുകണക്കിന് പൊതുജനങ്ങളും ഉൾപെടുന്ന റാലി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.