തീതുപ്പുന്ന ടോസ് ഒന്നു മുതൽ കാലിബർ വരെ; റഷ്യയുടെ ആവനാഴി മാരകം
text_fieldsമോസ്കോ: റഷ്യൻ ആവനാഴിയിലെ മാരകായുധങ്ങൾ പലതും യുദ്ധമുന്നണിയിലേക്ക് നീക്കുന്നതായി റിപ്പോർട്ടുകൾ. വലിയതോതിൽ നാശം സൃഷ്ടിക്കാൻ കെൽപുള്ള ഈ ആയുധങ്ങളുടെ പ്രയോഗം യുദ്ധക്കുറ്റത്തിലേക്കുവരെ നയിച്ചേക്കാം. ബഹുതല റോക്കറ്റ് ലോഞ്ചിങ് സംവിധാനമായ ടോസ് -1 ( TOS-1) അതിർത്തിയിലേക്ക് നീങ്ങുന്നതിന്റെ ചിത്രങ്ങൾ ചാനലുകൾ പുറത്തുവിട്ടു.
'ബുറാട്ടിനോ' എന്ന് വിളിപ്പേരുള്ള ടോസ് -1 ഹെവി ഫ്ലെയിംത്രോയർ സിസ്റ്റം സോവിയറ്റ് കാലത്തെ പ്രധാന യുദ്ധോപകരണങ്ങളിൽ പെട്ടതാണ്. 30 ബാരൽ മൾട്ടിപ്പ്ൾ റോക്കറ്റ് ലോഞ്ചർ ടി-72 ടാങ്കിന്റെ ഷാസിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ശത്രുവിന്റെ കോട്ടസമാനമായ പ്രതിരോധ സംവിധാനങ്ങളെയും കവചിത വാഹനങ്ങളെയും നേരിടുകയാണ് ദൗത്യം.
220 എം.എം വലുപ്പമുള്ള തിരകളാണ് ടോസ്-1 ഉതിർക്കുക. 15 സെക്കൻഡിൽ 30 റൗണ്ടാണ് പ്രഹരശേഷി. 500 മീറ്റർ മുതൽ 3.5 കിലോമീറ്റർ വരെയാണ് പ്രഹര മേഖല. ആധുനിക മോഡലായ 'ടോസ് - 1 എ'യുടെ പരിധി ആറു കിലോമീറ്റർ വരെയാണ്.
'88 ൽ സോവിയറ്റ് - അഫ്ഗാൻ യുദ്ധകാലത്ത് പഞ്ച്ശീർ താഴ്വരയിലാണ് ഇതിനെ ആദ്യമായി രംഗത്തിറക്കിയത്. എങ്കിലും പൊതുജനങ്ങൾക്ക് മുമ്പാകെ പ്രദർശിപ്പിച്ചത് പിന്നെയും പത്തുവർഷം കഴിഞ്ഞാണ്. റഷ്യയുടെ ആയുധ സംവിധാനത്തിൽ സവിശേഷ പദവിയാണ് ടോസ്-1 അലങ്കരിക്കുന്നത്. സമാനമായ യുദ്ധോപകരണങ്ങൾ പോലെ സൈന്യത്തിന്റെ ആർട്ടിലറി യൂനിറ്റിന്റെ ഭാഗമല്ല ടോസ്-1.
അതിപ്രധാന സൈനിക വിഭാഗമായ എൻ.ബി.സി (ന്യൂക്ലിയർ, ബയോളജിക്കൽ, കെമിക്കൽ) പ്രൊട്ടക്ഷൻ ട്രൂപ്പിലാണ് സ്ഥാനം. അടുത്തിടെ, ആഭ്യന്തര യുദ്ധം കൊടുമ്പിരിക്കൊണ്ട സിറിയയിൽ പ്രസിഡന്റ് ബശ്ശാർ അൽ അസ്സദിനെ സംരക്ഷിക്കാനും റഷ്യ ഈ ആയുധം വിന്യസിച്ചിരുന്നു.
30 ബാരൽ മൾട്ടിപ്പ്ൾ റോക്കറ്റ് ലോഞ്ചറായ ടി-72 ടാങ്കർയുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യൻ സൈന്യവും വിമത ശക്തികളും വലിയ നശീകരണ ശേഷിയുള്ള ബി.എം 21 ഗ്രാഡ് മൾട്ടിപ്പിൾ റോക്കറ്റ് വിക്ഷേപിണികൾ തുടക്കം മുതൽ ഉപയോഗിക്കുന്നുണ്ട്. അതിനു പിന്നാലെയാണ് ടോസ് -1 ന്റെ രംഗപ്രവേശം. ഖാർകിവ് പട്ടണത്തിന് ചുറ്റും ബി.എം 21 ആണ് വിന്യസിച്ചിരിക്കുന്നത്.
ഖാർകിവിൽ തകർക്കപ്പെട്ട റഷ്യൻ ബി.എം 21 റോക്കറ്റ് വിക്ഷേപിണിയുടേയും മരിച്ചുകിടക്കുന്ന ഓപറേറ്ററുടെയും ചിത്രങ്ങൾ യുക്രെയ്ൻ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. 1963 മുതൽ ലോകത്തിന്റെ വിവിധ മേഖലകളിലെ യുദ്ധമുഖങ്ങളിൽ സ്ഥിര സാന്നിധ്യമാണ് ബി.എം 21. ഈ 40 ബാരൽ റോക്കറ്റ് ലോഞ്ചറിൽ നിന്ന് സെക്കൻഡിൽ രണ്ടുറൗണ്ട് നിറയൊഴിക്കാൻ കഴിയും.
ഉറാഗാൻ, സ്മെർക്ക് ക്ലസ്റ്റർ റോക്കറ്റുകളും റഷ്യ വ്യാപകമായി യുക്രെയ്നിൽ ഉപയോഗിക്കുന്നുണ്ട്. പരമ്പരാഗത ആയുധങ്ങളാണ് റഷ്യ യുക്രെയ്നിൽ നിലവിൽ വിന്യസിച്ചിരിക്കുന്നതെന്നാണ് സൂചന. ടി-72 ടാങ്കുകളും ബി.എം.പി -3 കവചിത സൈനിക വാഹനങ്ങളുമൊക്കെ ഇതിന്റെ ഭാഗമാണ്. ഇതിനൊപ്പം എം.ഐ 8, കെ.എ -52 ഹെലികോപ്ടറുകളും യുക്രെയ്ൻ വ്യോമമേഖലയിൽ ആക്രമണം അഴിച്ചുവിടുന്നു. നഗരമേഖലകളിൽ കാലിബർ ക്രൂസ് മിസൈലുകളുടെ ഉപയോഗവും സംശയിക്കുന്നുണ്ട്.
പടക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ തുടങ്ങി വിവിധ സ്രോതസ്സുകളിൽ നിന്ന് ഫലപ്രദമായി വിക്ഷേപിക്കാൻ കഴിയുന്ന കാലിബർ മിസൈലുകളുടെ പ്രഹരശേഷി ഭയാനകമാണ്. 1,300 മുതൽ 2,300 കിലോ വരെ ഭാരമുള്ള ഈ മിസൈലുകളുടെ പോർമുനക്ക് മാത്രം 500 കിലോ ഭാരമുണ്ടാകും. സിറിയൻ ആഭ്യന്തര യുദ്ധത്തിലും ഐ.എസിനെതിരായ പോരാട്ടത്തിലും റഷ്യ വ്യാപകമായി ഉപയോഗിച്ചിരുന്നത് ഈ മിസൈലുകളാണ്. കിയവിനെതിരെയും തെക്കൻ തുറമുഖ നഗരമായ ഒഡേസക്കു നേരെയും കാലിബർ മിസൈലുകൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.