എലിസബത്ത് രാജ്ഞിയെ പുകഴ്ത്തി മേഗൻ മാർക്കിൾ; 'സ്ത്രീ നേതൃത്വത്തിന്‍റെ തിളങ്ങുന്ന ഉദാഹരണം'
text_fieldsലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിയെ പുകഴ്ത്തി കൊച്ചു മകൻ ഹാരി രാജകുമാരന്‍റെ ഭാര്യയും നടിയുമായ മേഗൻ മാർക്കിൾ. സ്ത്രീ നേതൃത്വത്തിന്‍റെ തിളങ്ങുന്ന ഉദാഹരണമായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് ഒരു അഭിമുഖത്തിൽ മേഗൻ പറഞ്ഞു. ഹാരിക്കും ഭാര്യക്കും രാജകീയ പദവികൾ തിരികെ കിട്ടില്ലെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് എലിസബത്ത് രാജ്ഞിയെ പുകഴ്ത്തി കൊണ്ടുള്ള മേഗൻ മാർക്കിളിന്‍റെ അഭിമുഖം പുറത്തുവന്നിരിക്കുന്നത്.
എലിസബത്ത് രാജ്ഞിയും താനുമായുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച എത്രമാത്രം സവിശേഷമായിരുന്നുവെന്ന് ഓർമിച്ചതായി മേഗൻ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. താൻ ഭാഗ്യവതിയാണെന്ന് തോന്നുന്നു. രാജ്ഞിയുമായി ഊഷ്മള ബന്ധം പുലർത്താനായതിൽ അഭിമാനമുണ്ട്. രാജ്ഞിയുടെ വേർപാട് വേളയിൽ ഭർത്താവ് ഹാരി രാജകുമാരനെ സമാശ്വസിപ്പിക്കുന്നതിന് അദ്ദേഹത്തോടൊപ്പം സമയം ചിലവിടാൻ സാധിച്ചത് ഭാഗ്യമാണെന്നും മേഗൻ ചൂണ്ടിക്കാട്ടി.
രാജ്ഞിയുടെ സ്‌നേഹവും പിന്തുണയും ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. മുത്തശ്ശിയുടെ പൈതൃകത്തെ പിന്തുടരാൻ ഹാരിക്ക് സാധിക്കുക എന്നത് മനോഹരമാണ്. തീർച്ചയായും, സ്ത്രീ നേതൃത്വം എങ്ങനെയിരിക്കും എന്നതിന്‍റെ ഏറ്റവും തിളക്കമുള്ള ഉദാഹരണമാണ് എലിസബത്ത് രാജ്ഞിയെന്നും മേഗൻ വ്യക്തമാക്കി.
രാജ്ഞിക്കൊപ്പം സമയം ചിലവഴിക്കാനും അവരെ അറിയാനും കഴിഞ്ഞതിൽ ഞാൻ നന്ദിയുള്ളവളാണ്. ഇത് ഒരു സങ്കീർണ സമയമായിരുന്നു. എന്നാൽ, ഭർത്താവ് ഹാരി എപ്പോഴും ശുഭാപ്തി വിശ്വാസിയായിരുന്നു. അവസാനം എലിസബത്ത് രാജ്ഞി അവരുടെ ഭർത്താവുമായി വീണ്ടും ഒന്നിച്ചു -മേഗൻ കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് രാജകുടുംബത്തിലെ ചെറുമകൻ ഹാരി രാജകുമാരനെ വിവാഹം ചെയ്തത് മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് അമേരിക്കൻ നടിയായ മേഗൻ മാർക്കിൾ. വിവാഹത്തിന് ശേഷം രാജകുടുംബത്തിൽ നിന്ന് താൻ നേരിടേണ്ടി വന്ന ദുരവസ്ഥകളെ കുറിച്ചുള്ള മേഗന്‍റെ വെളിപ്പെടുത്തലുകൾ ലോകത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
രാജപദവികൾ ഉപേക്ഷിക്കാനുള്ള ഹാരിയുടെയും മേഗന്റെയും തീരുമാനം എലിസബത്ത് രാജ്ഞിയെ അഗാധമായി മുറിവേൽപ്പിച്ചതായി വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. തനിക്കറിയില്ലെന്നും താനത് കാര്യമാക്കുന്നില്ലെന്നും ഇതേകുറിച്ച് താനിനി കൂടുതൽ ചിന്തിക്കില്ലെന്നുമായിരുന്നു രാജ്ഞിയുടെ പ്രതികരണം.
ബാൽമോറൽ കൊട്ടാരത്തിൽ പേരക്കുട്ടികൾക്കും അവരുടെ കുട്ടികൾക്കും രാജ്ഞി പതിവായി നടത്താറുള്ള വിരുന്നിൽ ഹാരിയും മേഗനും മക്കളായ ആർച്ചി ഹാരിസണും ലിലിബെറ്റും പങ്കെടുക്കാത്തതിൽ രാജ്ഞി ഏറെ ദുഃഖിതയായിരുന്നുവെന്ന് കാതീ നികോൾ എഴുതിയ 'ദ ന്യൂ റോയൽസ്: ക്വീൻ എലിസബത്ത്സ് ലെഗസി ആൻഡ് ദ ഫ്യൂച്ചർ ഓഫ് ദ ക്രൗൺ' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
ബൈക്കിങ്ഹാം കൊട്ടാരത്തിൽ വംശീയാധിക്ഷേപം നേരിടേണ്ടി വന്നുവെന്നും ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചുവെന്നും മേഗൻ നേരത്തെ പറഞ്ഞിരുന്നു. തുടർന്ന് രാജപദവികൾ ഉപേക്ഷിച്ച് കൊട്ടാരംവിട്ട മേഗനും ഹാരിയും മക്കൾക്കൊപ്പം കാലിഫോര്‍ണിയയിലാണ് താമസിക്കുന്നത്. മരണശേഷം രാജ്ഞിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഹാരിയും മേഗനും എത്തി. രാജ്ഞിയുടെ മരണശേഷം പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ ചാൾസ് ഹാരിയെയും മേഗനെയും പ്രത്യേകം പരാമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.