റോഹിങ്ക്യകൾക്കെതിരെ വിദ്വേഷ പ്രചാരണം; ഫേസ്ബുക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആംനസ്റ്റി
text_fieldsറോഹിങ്ക്യകൾക്കെതിരായി വ്യാപക ഓൺലൈൻ വിദ്വേഷ പ്രചാരണം നടത്തിയതിന് ഫേസ്ബുക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ റിപ്പോർട്ട്. മ്യാൻമറിലെ സ്വന്തം നാട്ടിൽ നിന്ന് വീട് വിട്ടിറങ്ങേണ്ടി വന്ന ലക്ഷക്കണക്കിന് റോഹിങ്ക്യകൾക്കാണ് ഫേസ്ബുക്ക് നഷ്ടപരിഹാരം നൽകേണ്ടത്. തെറ്റായ വിവരങ്ങളും വിദ്വേഷ പ്രസംഗങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഹാനികരമായ ഉള്ളടക്കം പ്രചരിപ്പിച്ച് ആക്രമണം നടത്തിയത് ഫേസ്ബുക്ക് അൽഗോരിതമാണെന്ന് കാണിച്ച് റോഹിങ്ക്യൻ ഇരകളുടെ കൂട്ടായ്മകളും അവകാശ സംഘടനകളുമാണ് പരാതി നൽകിയത്. റോഹിങ്ക്യൻ മുസ്ലിങ്ങളെ സംബന്ധിച്ച തെറ്റായ വിവരങ്ങളും അവർക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്നതായ വാർത്തകളും വർഷങ്ങളോളം തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ പ്രചരിക്കുന്നതിനെതിരെ ഫേസ്ബുക്ക് ഒന്നും ചെയ്തില്ലെന്നും പരാതിയിൽ പറയുന്നു.
വിദ്വേഷ പരാമർശങ്ങൾക്കെതിരെ നിരവധി തവണ റോഹിങ്ക്യകൾ ഫേസ്ബുക്കിന് റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിദ്വേഷകരമായ വിവരണങ്ങൾ മ്യാൻമറിലെ വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിച്ചേരാനും ഫേസ്ബുക്ക് സഹായിച്ചെന്നും ആംനസ്റ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. അക്രമാസക്തമായ വിദ്വേഷ പ്രസംഗം നീക്കം ചെയ്യുന്നതിൽ ഫേസ്ബുക്ക് പരാജയപ്പെട്ടു. പകരം അക്രമത്തിന് പ്രേരിപ്പിക്കുന്ന ഉള്ളടക്കം വർദ്ധിപ്പിച്ച് പ്രമോട്ട് ചെയ്തുവെന്നും ആംനസ്റ്റി റിപ്പോർട്ട് പറയുന്നു. 2012 മുതൽ തന്നെ റോഹിങ്ക്യകൾക്കെതിരെ അക്രമാസക്തമായ വിദ്വേഷം പരത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
വർഷങ്ങളോളം മുന്നറിയിപ്പ് നൽകിയിട്ടും, റോഹിങ്ക്യകൾക്കെതിരായ അക്രമാസക്തമായ വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും നീക്കം ചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്ന് മാത്രമല്ല, 2017ലെ കൂട്ടക്കൊലയിൽ കലാശിക്കുന്നത് വരെ അത് സജീവമായി പ്രചരിപ്പിക്കുകയും ചെയ്തു. ആ സമയത്ത് മ്യാൻമറിൽ ഫേസ്ബുക്കിന്റെ ജനപ്രീതിയിൽ വൻ കുതിച്ചുകയറ്റമുള്ള സമയമായിരുന്നു. അതുകൊണ്ട് തന്നെ മ്യാൻമറിലെ ഒരു വലിയ ജനവിഭാഗത്തിന് ഫേസ്ബുക്കിലെ ഉള്ളടക്കം വലിയ രീതിയില്‍ തന്നെ സ്വാധീനിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫേസ്ബുക്ക് നിർബന്ധമായും പണം നൽകണം എന്ന് ആംനസ്റ്റി പറഞ്ഞു. 'അവർ നഷ്ടപരിഹാരം നൽകാൻ തയ്യാറായില്ലെങ്കിൽ ഞങ്ങൾ ലോകത്തിലെ എല്ലാ കോടതികളിലും പോകും. ഞങ്ങളുടെ പോരാട്ടത്തിൽ ഞങ്ങൾ ഒരിക്കലും തളരില്ല' എന്ന 22കാരി റോഹിങ്ക്യൻ യുവതി ഷോകുതാരയുടെ വാക്കുകൾ ഉദ്ധരിച്ചാണ് ഫേസ്ബുക്ക് പണം നൽകണം എന്ന് ആംനസ്റ്റി ശക്തമായി ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.