മെക്സിക്കന്‍ ലഹരിമാഫിയ തലവന്മാരായ ഇസ്മാഈൽ സംബാദയും ജോക്വിൻ ഗുസ്മാൻ ലോപ്പസും പിടിയിൽ
text_fieldsടെക്സാസ്: മെക്സിക്കന്‍ ലഹരി മാഫിയ തലവന്മാരായ ഇസ്മാഈൽ സംബാദയും ജോക്വിൻ ഗുസ്മാൻ ലോപ്പസും അമേരിക്കയിൽ അറസ്റ്റിൽ. ടെക്‌സാസിലെ എൽപാസോയിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് യു.എസ് ജസ്റ്റിസ് ഡിപാർട്ട്മെന്‍റ് അറിയിച്ചു.
മാരക ലഹരി മരുന്നായ ഫെന്‍റനൈൽ നിർമാണ, കടത്ത് ശൃംഖലകൾ ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ 18നും 45നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ മരണത്തിന് പ്രധാന കാരണം ഫെന്‍റനൈലിന്‍റെ ഉപയോഗമാണെന്ന് ഡ്രഗ് എൻഫോഴ്സ്മെന്‍റ് അഡ്മിനിസ്ട്രേഷൻ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ ഏറ്റവും അക്രമാസക്തവും ശക്തവുമായ ലഹരിക്കടത്ത് സംഘങ്ങളിലൊന്നായ സിനലോയ കാർട്ടലിനെ നയിക്കുന്നവരാണ് അറസ്റ്റിലായ എൽ മായോ എന്ന് വിളിക്കുന്ന ഇസ്മാഈൽ സംബാദയും ജോക്വിൻ ഗുസ്മാൻ ലോപ്പസും. ജോക്വിൻ ഗുസ്മാൻ ലോപ്പസിന്‍റെ പിതാവായ എൽ ചാപ്പോയോടൊപ്പം (ജൊവാക്വിം ഗുസ്മാന്‍ ലോയേറ) സിനലോയ കാർട്ടലിന്‍റെ സഹ സ്ഥാപകനാണ് ഇസ്മാഈൽ സംബാദ.
എൽ ചാപ്പോയെ അമേരിക്കക്ക് കൈമാറിയതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ലഹരി സാമ്രാജ്യത്തിന് ലോസ് ചാപ്പിറ്റോസ് അല്ലെങ്കിൽ ലിറ്റിൽ ചാപ്പോസ് എന്നറിയപ്പെടുന്ന നാല് ആൺമക്കളാണ് നേതൃത്വം നൽകുന്നത്. എൽ ചാപ്പോയുടെ മക്കൾ സിനലോയ കാർട്ടൽ വഴി അമേരിക്കയിലേക്ക് ഫെന്‍റനൈലിന്‍റെ ഏറ്റവും വലിയ കയറ്റുമതിക്കാരായി മാറുകയും ചെയ്തു.
മെക്സിക്കോയിലെ അതീവ സുരക്ഷാ സംവിധാനമുള്ള അല്‍ടിപ്ലാനോയിലെ ജയിലില്‍ നിന്ന് അനുയായികൾ തീർത്ത ഒന്നര കിലോമീറ്റർ എ.സി തുരങ്കത്തിലൂടെ 2015 ജൂലൈയിൽ എൽ ചാപ്പോ കടന്നുകളഞ്ഞിരുന്നു. ഇയാളെ 2016 ജനുവരിയിൽ തീരദേശ നഗരവും ഗുസ്മാ മാതൃസംസ്ഥാനവുമായ സിനലോയയിലെ ലോസ് മോചിസിൽ നിന്ന് മെക്സിക്കൻ നാവികസേനയുടെ പ്രത്യേകസംഘം പിടികൂടി. 2017ൽ അമേരിക്കക്ക് കൈമാറിയ എൽ ചാപ്പോ നിലവിൽ അതീവ സുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.
ഗുസ്മാന്‍റെ രണ്ടാം ജയില്‍ ചാട്ടമായിരുന്നു ഇത്. ജയിലിനുള്ളിലെ കുളിമുറിയുടെ തറക്കടിയിൽ നിർമിച്ച തുരങ്കത്തിലൂടെ അഴുക്കുചാലിൽ എത്തിയാണ് ഗുസ്മാൻ രക്ഷപ്പെട്ടത്. 2001ല്‍ രക്ഷപെട്ട ഗുസ്മാനെ 13 വര്‍ഷത്തിന് ശേഷം പിടികൂടി ജയിലില്‍ അടച്ച് ഒരു വര്‍ഷം തികയും മുമ്പായിരുന്നു രണ്ടാമത്തെ രക്ഷപെടല്‍.
2001ല്‍ അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും ലോണ്‍ട്രി കാര്‍ട്ടില്‍ ഒളിച്ചായിരുന്നു ഗുസ്മാന്‍ ആദ്യം രക്ഷപ്പെട്ടത്. ഗ്വാട്ടിമാലയില്‍ നിന്ന് 1993 പിടിയിലായ ഗുസ്മാന്‍ മയക്കു മരുന്നു കടത്തിനും കൊലപാതകക്കുറ്റത്തിനും 20 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.