മെക്സിക്കൻ മാഫിയ തലവൻ പിടിയിൽ; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 29 പേർ
text_fieldsമെക്സികോ സിറ്റി: മെക്സിക്കന്‍ ലഹരി മാഫിയ തലവന്‍ ഒവീഡിയോ ഗുസ്മാനെ പിടികൂടി. സൈന്യവും മാഫിയ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 29 പേർ കൊല്ലപ്പെട്ടു. 19 മാഫിയ സംഘാംഗങ്ങളും 10 സൈനികരുമാണ് കൊല്ലപ്പെട്ടത്. മെക്സികോയിലെ സിനലോവ സംസ്ഥാനത്ത് ഒരു ദിവസം നീണ്ട സംഘട്ടനത്തിനൊടുവിലാണ് മാഫിയസംഘത്തെ കീഴ്പ്പെടുത്തിയത്.
ലോകത്തിലെതന്നെ ഏറ്റവും സമ്പന്നനും ശക്തനുമായ ലഹരിമരുന്ന് രാജാവ് എൽചാപോ എന്ന ജൊവാക്വിം ഗുസ്മാന് ലോയേറയുടെ മകനാണ് ഒഡിവിയോ. രണ്ടാം തവണയാണ് ഇയാൾ അറസ്റ്റിലാകുന്നത്. 2019ൽ പിടിയിലായെങ്കിലും മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് സിനലോവയിലെ ജനങ്ങളുടെ സുരക്ഷയെ കരുതി അധികൃതർ ഇയാളെ വിട്ടയച്ചിരുന്നു.
സംഘത്തിന്റെ ശക്തികേന്ദ്രമായ കുലിയകാന നഗരത്തിൽതന്നെയാണ് ഒവീഡിയോയെ കീഴ്പ്പെടുത്തിയത്. നഗരവാസികൾ വീടിന് പുറത്തിറങ്ങരുതെന്ന് സിനലോവ ഗവർണർ മുന്നറിയിപ്പ് നൽകിയിരുന്നു. സായുധ പൊലീസ് നീക്കം തുടങ്ങിയതോടെ റോഡുകൾ അടച്ചും വാഹനങ്ങൾക്ക് തീയിട്ടുമാണ് മാഫിയ സംഘം ആക്രമണം തുടങ്ങിയത്.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് അമേരിക്കയിലെ കൊളറാഡോയിലെ ജയിലിൽ കഴിയുകയാണ് പിതാവ് എൽചാപോ. പലവട്ടം ജയിൽ ചാടിയ എൽചാപോയെ 2016ൽ അമേരിക്കക്ക് കൈമാറുകയായിരുന്നു. മെക്സികോയിലെ അതിസുരക്ഷാ സംവിധാനമുള്ള ജയിലില്‍നിന്ന് അനുയായികൾ തീർത്ത ഒന്നര കിലോമീറ്റർ എ.സി തുരങ്കത്തിലൂടെയാണ് 2015 ജൂലൈയിൽ എൽചാപോ കടന്നുകളഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.