കുടിയേറ്റക്കാരെ തടയാൻ ചെക്പോയിന്റുകൾ സ്ഥാപിക്കുമെന്ന് മെക്സികോ
text_fieldsമെക്സികോ: അമേരിക്കൻ അതിർത്തിയിലേക്കുള്ള ചരക്ക് ട്രെയിനുകളിൽ അഭയാർഥികൾ കടക്കുന്നത് തടയാൻ ചെക്പോയിന്റുകൾ സ്ഥാപിക്കുമെന്ന് മെക്സികോ അധികൃതർ. മെക്സികോയിലെ സുരക്ഷ, കുടിയേറ്റ ഉദ്യോഗസ്ഥരും അമേരിക്കൻ കസ്റ്റംസ്, അതിർത്തിസുരക്ഷ ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മെക്സികോയിൽനിന്നുള്ള ചരക്ക് ട്രെയിനുകളിൽ കയറിപ്പറ്റി അമേരിക്കയിലേക്ക് നുഴഞ്ഞുകയറുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി. സുരക്ഷ കാരണങ്ങളാൽ 60 ചരക്ക് ട്രെയിനുകൾ ഈ ആഴ്ച റദ്ദാക്കിയതായി റെയിൽവേ അധികൃതർ പറഞ്ഞു. ചരക്ക് ട്രെയിനുകളിൽ സഞ്ചരിക്കവെ വീണ് നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയുംചെയ്ത സാഹചര്യത്തിലാണ് ട്രെയിനുകൾ റദ്ദാക്കിയത്. 2014ൽ മെക്സിക്കൻ അധികൃതർ കുടിയേറ്റക്കാരെ തടയുന്നതിനുവേണ്ടി ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരുന്നു.
ഈ മാസം പ്രതിദിനം 9,000 കുടിയേറ്റക്കാരെ തടയുന്നുണ്ടെന്ന് മെക്സികോയുടെ ദേശീയ കുടിയേറ്റ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കി. ഈ വർഷം ആദ്യത്തെ എട്ടു മാസങ്ങളിൽ പ്രതിദിനം ശരാശരി 6125 കുടിയേറ്റക്കാരെയാണ് തടഞ്ഞുവെച്ചിരുന്നത്. ഇതിൽനിന്നാണ് ഈമാസം കാര്യമായ വർധനയുണ്ടായത്.
ഈ വർഷം ഇതുവരെ 14.7 ലക്ഷം കുടിയേറ്റക്കാരെയാണ് തടഞ്ഞുവെച്ചത്. ഇവരിൽ 788,089 പേരെ നാടുകടത്തുകയും ചെയ്തു. നാടുകടത്തുന്നവരുമായി എത്തുന്ന വിമാനങ്ങൾ സ്വീകരിക്കുന്നതിന് വെനസ്വേല, ബ്രസീൽ, നികരാഗ്വ, കൊളംബിയ, ക്യൂബ എന്നീ രാജ്യങ്ങളുമായി ചർച്ച നടത്തി വരുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.