മേഘങ്ങളിൽ മൈക്രോപ്ലാസ്റ്റിക്‌സ്; കണ്ടെത്തലുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
text_fieldsവാഷിംഗ്ടൺ: ജപ്പാനിലെ ഗവേഷകർ മേഘങ്ങളിൽ മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇവയെ ഇതുവരെ പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്നും ഇത് കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ജാപ്പനീസ് ശാസ്ത്രജ്ഞർ അറിയിച്ചു. എൻവയോൺമെന്റൽ കെമിസ്ട്രി ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ശാസ്ത്രജ്ഞർ ഫുജി, ഒയാമ പർവതത്തിലെ മൂടൽമഞ്ഞിൽ നിന്ന് വെള്ളം ശേഖരിക്കുകയും സാമ്പിളുകളിൽ അവയുടെ ഭൗതികവും രാസപരവുമായ ഗുണങ്ങൾ നിർണയിക്കാൻ നൂതന ഇമേജിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മേഘങ്ങളിൽ മൈക്രോപ്ലാസ്റ്റിക്‌സിന്‍റെ സാന്നിദ്ധ്യം ജാപ്പനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
7.1 മുതൽ 94.6 മൈക്രോമീറ്റർ വരെ വലിപ്പമുള്ള മൈക്രോപ്ലാസ്റ്റിക്സിൽ ഒമ്പത് വ്യത്യസ്ത തരം പോളിമറുകൾ കണ്ടെത്തിയിട്ടുണ്ട്. ഓരോ ലിറ്റർ മേഘജലത്തിലും 6.7 മുതൽ 13.9 വരെ പ്ലാസ്റ്റിക്കുകൾ അടങ്ങിയിട്ടുണ്ട്. പെട്ടെന്നുള്ള മേഘ രൂപീകരണത്തിനും കാലാവസ്ഥ വ്യതിയാനങ്ങൾക്കും ഇത് കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കി. പ്ലാസ്റ്റിക് വായു മലിനീകരണം എന്ന പ്രശ്നം ശ്രദ്ധിച്ചില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക അപകടസാധ്യതകളും ഉണ്ടാകാനുള്ള സാധ്യത കൂടൂതലാണെന്നും ഇത് ഭാവിയിൽ മാറ്റാനാവാത്തതും ഗുരുതരവുമായ പാരിസ്ഥിതിക നാശത്തിന് കാരണമാകുമെന്നും വസേഡ സർവകലാശാലയിലെ പ്രമുഖ എഴുത്തുകാരൻ ഹിരോഷി ഒക്കോച്ചി മുന്നറിയിപ്പ് നൽകി. മൈക്രോപ്ലാസ്റ്റിക്‌സ് അന്തരീക്ഷത്തിന്റെ മുകളിലെത്തുകയും ഇത് ഹരിതഗൃഹ വാതകങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഒക്കോച്ചി കൂട്ടിച്ചേർത്തു.
വ്യാവസായിക മാലിന്യങ്ങൾ, തുണിത്തരങ്ങൾ, സിന്തറ്റിക് കാർ ടയറുകൾ എന്നിവയിൽ നിന്നാണ് മൈക്രോപ്ലാസ്റ്റിക്സ് അന്തരീക്ഷത്തിലെത്തുന്നത്. മഞ്ഞുമൂടിയ ആർട്ടിക് സമുദ്രത്തിലെ മത്സ്യങ്ങളുടെ ശരീരത്തിലും മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ഗവേഷകർ അറിയിച്ചു. പഠനങ്ങളുടെ അടിസ്ഥാനത്തിൽ മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിദ്ധ്യം വ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പുറമെ ഹൃദയ- ശ്വാസകോശ പ്രവർത്തനങ്ങൾക്കും അർബുദം പോലെയുള്ള മാരക രോഗങ്ങൾക്കും വഴിതെളിച്ചേക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.