സുഡാനിൽ സൈനിക അട്ടിമറി; പ്രധാനമന്ത്രി വീട്ടുതടങ്കലിൽ
text_fieldsഖാർത്തൂം: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സൈനിക അട്ടിമറി. അട്ടിമറിക്ക് കൂട്ടുനിൽക്കാത്തതിന് പ്രധാനമന്ത്രി അബ്ദുല്ല ഹംദക്കിനെ സൈന്യം വീട്ടുതടങ്കലിലാക്കി. പിന്നാലെ ജനറൽ അബ്ദുൽ ഫത്താഹ് ബുർഹാൻ ഇടക്കാല സർക്കാറിനെയും പരമാധികാര കൗൺസിലിനെയും പിരിച്ചുവിട്ട് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാഷ്ട്രീയ വിഭാഗങ്ങൾക്കിടയിലെ ഭിന്നതമൂലം സൈന്യം ഇടപെടുകയായിരുന്നുവെന്നാണ് ബുർഹാെൻറ വാദം.
ഇടക്കാല സർക്കാറിലെ പ്രമുഖ നേതാക്കളും സൈന്യത്തിെൻറ തടവിലാണ്. തലസ്ഥാനമായ ഖാർത്തൂമിലെ ഗവർണർ അയ്മൻ ഖാലിദിനെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന മുൻ വിമത നേതാവ് യാസിർ അർമാനും തടവിലാണ്. രാജ്യത്തെ ഇൻറർനെറ്റ്,ഫോൺ സിഗ്നലുകൾ തകരാറിലായി.
പാലങ്ങൾ അടച്ചു. ദേശീയ വാർത്തചാനൽ ദേശഭക്തി ഗാനവും നൈൽ നദിയുടെ ദൃശ്യങ്ങളുമാണ് സംപ്രേഷണം ചെയ്യുന്നത്. സൈനിക അട്ടിമറിയിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം കണ്ണീർവാതകം പ്രയോഗിച്ചു. 12 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
സുഡാനിലെ സ്ഥിതിഗതികളിൽ യു.എസും യൂറോപ്യൻ യൂനിയനും ആശങ്ക പ്രകടിപ്പിച്ചു. സൈന്യം ഭരണം ഏറ്റെടുത്തുവെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്ന് യു.എസ് പ്രത്യേക പ്രതിനിധി ജെഫ്രി ഫെൽറ്റ്മാൻ പറഞ്ഞു. എത്രയും വേഗം അട്ടിമറി അവസാനിപ്പിക്കണമെന്ന് ജർമനി ആവശ്യപ്പെട്ടു. നിലവിലെ സ്ഥിതിഗതികളിൽ അറബ്ലീഗും ആശങ്ക പ്രകടിപ്പിച്ചു. സുഡാനിലെ ജനകീയ നേതാക്കളെ തടവിലാക്കിയ നടപടി സ്വീകാര്യമല്ലെന്നും എത്രയും പെട്ടെന്ന് ഇവരെ മോചിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.
ഒരുമാസമായി രാജ്യത്തെ സൈന്യവും പൗരാവകാശ സംഘടനകളും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുകയാണ്. ഉമർ അൽ ബഷീറിനെ പുറത്താക്കിയശേഷം സൈന്യത്തിനുകൂടി പങ്കാളിത്തമുള്ള ജനകീയ സർക്കാറാണ് രാജ്യം ഭരിക്കുന്നത്. 2023 ഓടെ പൊതു തെരഞ്ഞെടുപ്പ് നടത്താനാണ് ഇരുവിഭാഗവും തമ്മിലുള്ള കരാർ. 2019ലാണ് ഉമർ അൽ ബഷീർ രാജിവെച്ചത്. ഉമർ അൽ ബഷീറിെൻറ ഏകാധിപത്യഭരണം അവസാനിച്ച ശേഷവും സുഡാനിൽ അരക്ഷിതാവസ്ഥ തുടരുകയാണ്. കഴിഞ്ഞമാസവും സുഡാനിൽ അട്ടിമറി ശ്രമം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.