മാലിയിൽ മാസങ്ങൾക്കിടെ വീണ്ടും പട്ടാള അട്ടിമറി?പ്രസിഡൻറിനെയും പ്രധാനമന്ത്രിയെയും അറസ്റ്റ് ചെയ്ത് സൈന്യം
text_fieldsബമാകോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ മാസങ്ങൾക്കിടെ വീണ്ടും പട്ടാള അട്ടിമറിയെന്ന് സംശയം. പ്രസിഡൻറ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ സൈന്യം അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി ബാഹ് എൻഡാവ്, പ്രധാനമന്ത്രി മുക്താർ ഔൻ, പ്രതിരോധ മന്ത്രി സുലൈമാൻ ദുകോർ എന്നിവരെ തലസ്ഥാന നഗരമായ ബമാക്കോക്കു സമീപം കാറ്റിയിലെ സൈനിക താവളത്തിലേക്ക് മാറ്റി. കഴിഞ്ഞ ആഗസ്റ്റിൽ പ്രസിഡൻറ് ഇബ്രാഹിം ബൂബക്കർ കീറ്റയെ സമാനമായി സൈന്യം അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം സർക്കാർ നടത്തിയ പുനഃസംഘടനയിൽ, പട്ടാള അട്ടിമറിയിൽ പങ്കാളികളായ രണ്ട് സൈനിക പ്രമുഖർക്ക് സ്ഥാനം നഷ്ടമായതിനു പിന്നാലെയാണ് ഇടപെടൽ.
രാഷ്ട്രീയ അസ്ഥിരതയും സൈനികർക്കിടയിലെ പോരും രാജ്യത്ത് ജനജീവിതം കടുത്ത പ്രതിസന്ധിയിലാക്കുന്നത് തുടരുകയാണ്. വിദേശ ഇടപെടലുകളും ഇതുവരെ ഫലം ചെയ്തിട്ടില്ല. ഐ.എസ്, അൽഖാഇദ പോലുള്ള ഭീകര സംഘടനകൾ രാജ്യത്തിെൻറ ഒരു ഭാഗം നിയന്ത്രണത്തിലാക്കിയതും ഭീഷണിയാണ്.
ഭരണ മേധാവികളെ അടിയന്തരമായി വിട്ടയക്കണമെന്ന് മാലിയിലെ യു.എൻ മിഷൻ ആവശ്യപ്പെട്ടു. മേഖലയിലെ വിഷയങ്ങൾ പരിഹരിക്കാനായി രൂപം നൽകിയ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയിലെ ഒരു സംഘം ബമാകോയിലേക്ക് തിരിച്ചിട്ടുണ്ട്. യു.എൻ, ആഫ്രിക്കൻ യൂനിയൻ, യൂറോപ്യൻ യൂനിയൻ എന്നിവയും വിഷയം ഗൗരവത്തോടെയാണ് കാണുന്നത്.
സൈനിക ഭരണത്തിലായിരുന്ന രാജ്യത്തെ തിരികെ സിവിലിയൻ ഭരണത്തിലേക്ക് എത്തിക്കുകയെന്ന ദൗത്യവുമായാണ് എൻഡാവും ഔനും ഭരണമേറിയിരുന്നത്. ഇരുവരും സൈനിക നിയന്ത്രണത്തിൽനിന്ന് പതിയെ രാജ്യത്തെ മോചിപ്പിക്കാൻ നടത്തിയ നീക്കങ്ങളാണ് വീണ്ടും പട്ടാള അട്ടിമറിയിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് സൂചന. എന്നാൽ, അട്ടിമറി നടന്നിട്ടില്ലെന്നും പുതിയ പുനഃസംഘടന ശരിയായില്ലെന്ന് ബോധ്യപ്പെടുത്തൽ മാത്രമാണ് അറസ്റ്റിനു പിന്നിലെന്നും സൈനിക പ്രതിനിധി അറിയിച്ചു.
അതേ സമയം, മുമ്പും ഇതേ കേന്ദ്രത്തിലെത്തിച്ചാണ് നേതാക്കളെ സൈന്യം പുറത്താക്കിയിരുന്നത്. മുൻഗാമിയായ പ്രസിഡൻറ് കീറ്റയെയും ഇവിടെയെത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.