‘ട്രംപ് രാഷ്ട്രീയ പ്രതികാരം തീർത്തേക്കും’; ശതകോടീശ്വരന്മാർ യു.എസ് വിടാൻ ഒരുങ്ങുന്നു
text_fieldsന്യൂയോർക്ക്: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ് വിജയിച്ചതിനു പിന്നാലെ, ശതകോടീശ്വരന്മാർ പലരും യു.എസ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സമൂഹമാധ്യമമായ ലിങ്ക്ഡ്ഇൻ സഹസ്ഥാപകൻ റെയ്ഡ് ഹോഫ്മാനാണ് പട്ടികയിലെ ആദ്യത്തെയാൾ. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ കമല ഹാരിസിനു വേണ്ടി ഹോഫ്മാൻ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നു. അധികാരമേറ്റാൽ ട്രംപ് രാഷ്ട്രീയ എതിരാളികൾക്കു നേരെ തിരിയാൻ സാധ്യതയുള്ളതിനാൽ താൻ മറ്റേതെങ്കിലും രാജ്യത്തേക്ക് മാറുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് ഹോഫ്മാൻ സുഹൃത്തുക്കളോട് പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ജൂലൈയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിന് നേരെ വധശ്രമം നടന്നിരുന്നു. ഇതിനു പിന്നാലെ ട്രംപ് കൊല്ലപ്പെട്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചതായി ഹോഫ്മാൻ പ്രതികരിച്ചു. കമല ഹാരിന്‍റെ പ്രചാരണത്തിനായി ഹോഫ്മാൻ ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുകയും ചെയ്തു. 2023 ഏപ്രിലിൽ ട്രംപിനെതിരെ കേസ് ഫയൽ ചെയ്യാൻ ന്യൂയോർക്ക് മാഗസിനിലെ ജീൻ കരോളിനെ ഹോഫ്മാൻ സഹായിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഹോഫ്മാന്‍റെ ഇടപെടലിനെ കുറിച്ച് ട്രംപിന്‍റെ അഭിഭാഷകൻ കോടതിയിൽ പരാമർശിക്കുകയും ചെയ്തു.
ഹോഫ്മാന് പുറമെ ഡെമോക്രാറ്റുകളെ പിന്തുണച്ച മറ്റുപല ശതകോടീശ്വരന്മാരും രാജ്യം വിടാൻ ഒരുങ്ങുന്നതായി സൂചനയുണ്ട്. ടെക് ഭീമനായ സ്റ്റീവ് സിൽബർസ്റ്റെയിൻ, ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ എന്നിവരെല്ലാം പട്ടികയിലുണ്ട്. സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്കുമായുള്ള അഭിപ്രായ ഭിന്നതയാണ് ആൾട്ട്മാന് വിനയായത്. പ്രശ്ന പരിഹാരത്തിനായി ട്രംപുമായി അടുത്ത വൃത്തങ്ങളെ ആൾട്ട്മാൻ സമീപിച്ചതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.