മിന ഭക്തിസാന്ദ്രം, അറഫ സംഗമം നാളെ
text_fieldsമക്ക: ജീവിതാഭിലാഷം നിറവേറ്റാനുള്ള ഉൽക്കടമായ ആവേശത്തിൽനിന്നുയരുന്ന 'ലബ്ബൈക്ക്' മന്ത്രങ്ങൾ മുഴക്കി തീർഥാടകലക്ഷങ്ങൾ മിനായിലേക്ക് പ്രയാണമാരംഭിച്ചതോടെ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കം. അല്ലാഹുവിന്‍റെ അതിഥികൾക്ക് ഹജ്ജ് ഒരുക്കത്തിന്‍റെ ദിനം (യൗമുത്തർവിയ) ആണിന്ന്. ആരാധനകളിലും പ്രാർഥനകളിലുമായി തീർഥാടകർ വ്യാഴാഴ്ച തമ്പുകളുടെ നഗരിയിൽ കഴിച്ചുകൂട്ടും. ഇന്നു രാത്രിയോടെ ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനു വേണ്ടി ഹാജിമാർ പുറപ്പെട്ടു തുടങ്ങും. ഈ വർഷത്തെ അറഫ സംഗമം നാളെ, വെള്ളിയാഴ്ചയാണ്.
കോവിഡ് മഹാമാരിയുടെ രണ്ടുവർഷം നീണ്ട ഇടവേളക്കുശേഷം മിനാ താഴ്വാരം തീർഥാടകരാൽ നിറഞ്ഞുകവിഞ്ഞ കാഴ്ച മനംനിറക്കുന്നതായി. ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് 10 ലക്ഷത്തോളം തീർഥാടകർ മിനായിലെത്തിയിരിക്കുന്നത്. ഇനി നാലുനാൾ ഹാജിമാരുടെ താമസം മിനായിലാണ്. വ്യാഴാഴ്ച പകലും പ്രാർഥനകളുമായി മിനായിൽ തങ്ങുന്ന തീർഥാടകർ വെള്ളിയാഴ്ച ഉച്ചക്ക് മുമ്പായി അറഫയിൽ എത്തും.
പകൽ നമസ്കാരങ്ങളായ ളുഹ്റും അസ്റും ഒന്നിച്ചു നിർവഹിച്ച് സൂര്യാസ്തമയം വരെ അവർ അറഫയിൽ പ്രാർഥനാനിമഗ്നരാകും. സൗദിയിലെ പണ്ഡിതസഭാംഗവും മുസ്‍ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലുമായ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ അറഫ പ്രഭാഷണം നിർവഹിക്കും. ആശുപത്രികളിലുള്ള തീർഥാടകരെ വാഹനങ്ങളിലും എയർ ആംബുലൻസുകളിലുമായി മൈതാനിയിൽ എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.