എല്ലാ ഇന്ത്യക്കാരും ഖാർകിവ് വിട്ടു; സുമിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിക്കിടന്ന 13,300 ഇന്ത്യക്കാരെ 63 വിമാനങ്ങളിലായി നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏതാണ്ട് എല്ലാ ഇന്ത്യക്കാരും ഖാർകിവ് വിട്ടതായും സുമിയടക്കം മറ്റ് ചില ഭാഗങ്ങളിലുള്ള ഇന്ത്യക്കാരെ മാത്രമാണ് ഇനി തിരിച്ചെത്തിക്കാനുള്ളതെന്ന് മന്ത്രാലയം വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
ആരൊക്കെ ഏത് നഗരത്തിലാണ് കുടുങ്ങിക്കിടക്കുന്നതെന്ന് പരിശോധന നടത്തുമെന്നും പടിഞ്ഞാറൻ യുക്രെയ്നിലെ എല്ലാവരെയും അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ ഒഴിപ്പിക്കുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. പിസോചിൻ, ഖാർകിവ് എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാവരെയും അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒഴിപ്പിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.
വടക്കുകിഴക്കൻ യുക്രെയ്നിലെ സുമിയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ബുദ്ധിമുട്ടുകൾ വ്യക്തമാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ അവരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.
വിദ്യാർഥികളെ അതിർത്തി രാജ്യങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള സുരക്ഷിതമായ വഴികൾ തിരിച്ചറിയുന്നതിനായി റെഡ് ക്രോസുൾപ്പടെയുള്ള സംഘടനകളുമായി ചർച്ച നടത്തിയതായി ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
ഞങ്ങളുടെ എല്ലാ പൗരന്മാരെയും ഒഴിപ്പിക്കുന്നത് വരെ കൺട്രോൾ റൂം സജീവമായി തുടരുമെന്നും എല്ലാവരോടും ധൈര്യത്തോടെ സുരക്ഷിതരായിരിക്കാനും ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. സംഘർഷം രൂക്ഷമായ ഖാർകിവ്, സുമി എന്നിവിടങ്ങളിൽ നിന്ന് തങ്ങളുടെ പൗരന്മാരെ സുരക്ഷിതരായി ഒഴിപ്പിക്കുന്നതിന് റഷ്യ-യുക്രെയ്ൻ സൈനികരോട് ഇന്ത്യ വെടിനിർത്തൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.