ഇടവേളക്കുശേഷം കിയവിൽ റഷ്യയുടെ മിസൈലാക്രമണം
text_fieldsകിയവ്: ഇടവേളക്കുശേഷം വ്യാഴാഴ്ച തലസ്ഥാനമായ കിയവ് പ്രദേശത്ത് മിസൈൽ വർഷിച്ച് റഷ്യ. വടക്കൻ ചെർണിവ് മേഖലയിലും ആക്രമണം നടത്തി. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലും റഷ്യ ഷെല്ലാക്രമണം നടത്തിയതായി മേയർ പറഞ്ഞു. തെക്കൻ നഗരമായ മൈക്കോലൈവിൽ റഷ്യൻ ആക്രമണത്തിൽ ഒരാൾക്കു പരിക്കേറ്റു.
കഴിഞ്ഞദിവസം തെക്കൻ മേഖലയായ ഖേഴ്സണിൽ റഷ്യ സൈനികനീക്കത്തിന് ആശ്രയിക്കുന്ന ഡൈനിപ്പർ നദിക്കു കുറുകെയുള്ള പാലങ്ങൾ തകർത്തതിന്റെ പ്രത്യാക്രമണമാണിതെന്നാണ് വിലയിരുത്തൽ. പാശ്ചാത്യ രാജ്യങ്ങൾ നൽകിയ ദീർഘദൂര പീരങ്കികൾ ഉപയോഗിച്ച് റഷ്യ സൈനികനീക്കത്തിന് ആശ്രയിക്കുന്ന ഡൈനിപ്പറിന് കുറുകെയുള്ള മൂന്നു പാലങ്ങൾ തകർത്തതായാണ് റിപ്പോർട്ട്.
കഴിഞ്ഞദിവസങ്ങളിൽ ഡൊണെറ്റ്സ്ക് പ്രവിശ്യ കേന്ദ്രീകരിച്ചായിരുന്നു റഷ്യൻ പോരാട്ടം. കിയവിന്റെ പ്രാന്തപ്രദേശത്തുള്ള വൈഷ്ഗൊറോട് ജില്ലക്കുനേരെ വ്യാഴാഴ്ച പുലർച്ചെ മിസൈലാക്രമണം നടത്തിയതായി മേഖല ഗവർണർ ഒലെക്സി കുലേബ ടെലിഗ്രാമിൽ അറിയിച്ചു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കിയവിന്റെ മധ്യഭാഗത്തുനിന്ന് 20 കിലോമീറ്റർ വടക്കാണ് വൈഷ്ഗൊറോട്. യുക്രെയ്ൻ റഷ്യയുടെ പദ്ധതികൾ തകർത്തതായും സ്വയംപ്രതിരോധം തുടരുമെന്നും കുലേബ യുക്രെയ്ൻ ടെലിവിഷനോട് പറഞ്ഞു.
റഷ്യക്കാർ ബെലറൂസ് പ്രദേശത്തുനിന്ന് ഹോഞ്ചരിവ്സ്ക ഗ്രാമത്തിലേക്ക് മിസൈലുകൾ തൊടുത്തതായി ചെർണിവ് മേഖല ഗവർണർ വ്യാഷെസ്ലാവ് ഷൗസ് അറിയിച്ചു. ആഴ്ചകൾക്കുശേഷമാണ് ചെർണിവ് മേഖല ആക്രമിക്കുന്നത്. മാസങ്ങൾക്കുമുമ്പ് കിയവ്, ചെർണിവ് മേഖലകളിൽനിന്ന് റഷ്യൻ സൈന്യം പിൻവാങ്ങിയിരുന്നു. അതേസമയം, അധിനിവേശത്തിന്റെ തുടക്കത്തിൽ റഷ്യൻ സൈന്യം പിടിച്ചെടുത്ത ഖേഴ്സൺ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യുക്രെയ്നെന്നാണ് റിപ്പോർട്ട്. ഖേഴ്സൺ മോചിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
24 മണിക്കൂറിനിടെ നഗരങ്ങളിലും ഗ്രാമങ്ങളിലും റഷ്യൻ ഷെല്ലാക്രമണത്തിൽ അഞ്ചു പൗരന്മാർ കൊല്ലപ്പെടുകയും കിഴക്കൻ ഡൊണെറ്റ്സ്ക് പ്രവിശ്യയിൽ ഒമ്പതു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് വ്യാഴാഴ്ച രാവിലെ അറിയിച്ചു. ടോറെറ്റ്‌സ്കിലെ താമസകെട്ടിടത്തിൽ മിസൈൽ പതിച്ച് രണ്ടു നിലകൾ തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.