ലബനാൻ പാർലമെന്റ് കെട്ടിടത്തിന് സമീപം മിസൈൽ ആക്രമണം
text_fieldsബൈറൂത്: ലബനാന്റെ തലസ്ഥാനമായ ബൈറൂത്തിലുള്ള പാർലമെന്റ് കെട്ടിടത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനും സമീപം കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ സേന. അഞ്ചുപേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ-ഹിസ്ബുല്ല ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി സൊഖാഖ് അൽ ബ്ലാത് പ്രദേശത്ത് രണ്ട് മിസൈലുകൾ പതിച്ചത്.
യു.എൻ ആസ്ഥാനവും പാർലമെന്റും പ്രധാനമന്ത്രിയുടെ ഓഫിസും മറ്റ് നിരവധി നയതന്ത്ര കാര്യാലയങ്ങളുമുള്ള, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിതെന്ന് ഔദ്യോഗിക നാഷനൽ വാർത്ത ഏജൻസി അറിയിച്ചു. തെക്കൻ ലബനാനിലെ രൂക്ഷമായ ആക്രമണത്തെതുടർന്ന് പലായനം ചെയ്ത പത്ത് ലക്ഷത്തോളം പേർ അഭയം തേടിയ മേഖലയാണ് സൊഖാഖ് അൽ ബ്ലാത് അടക്കമുള്ള മധ്യ ബൈറൂത്.
ഹുസൈനിയയിലുള്ള പ്രമുഖ ഷിയ പള്ളിക്ക് സമീപവും മിസൈൽ പതിച്ചു. മുന്നറിയിപ്പ് നൽകാതെയായിരുന്നു സൈന്യത്തിന്റെ നീക്കം. ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. മധ്യ ബൈറൂത്തിനെ ലക്ഷ്യമിട്ട് ഇതു തുടർച്ചയായ രണ്ടാം തവണയാണ് വ്യോമാക്രമണം. രക്തരൂഷിതവും വിനാശകരവുമായ ഇസ്രായേലി അധിനിവേശം അവസാനിപ്പിക്കാൻ എല്ലാ രാജ്യങ്ങളും തയാറാകണമെന്ന് ആക്രമണത്തെ അപലപിച്ച ലബനാന്റെ താൽക്കാലിക പ്രധാനമന്ത്രി നജീബ് മികാതി ആവശ്യപ്പെട്ടു. തെക്കൻ ലബനാനിൽ ബഫർ സോൺ സ്ഥാപിക്കുന്ന യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രമേയങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊലിഞ്ഞത് 200ലേറെ കുഞ്ഞു ജീവനുകൾ
ബൈറൂത്: രണ്ടു മാസത്തെ രൂക്ഷമായ ഇസ്രായേൽ ആക്രമണത്തിൽ 200ലേറെ കുട്ടികൾക്ക് ലബനാനിൽ ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. കുട്ടികൾക്കു വേണ്ടിയുള്ള യു.എസ് ഏജൻസി യുനിസെഫ് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ജനവാസ മേഖലകളിൽ ബോംബിടാൻ തുടങ്ങിയതോടെ ദിവസം ശരാശരി മൂന്നു കുട്ടികൾ കൊല്ലപ്പെടുന്നതായും യുനിസെഫ് വക്താവ് ജയിംസ് എൽഡർ പറഞ്ഞു.
കഴിഞ്ഞ 10 ദിവസത്തിനിടെ കുടുംബങ്ങളോടൊപ്പം കുട്ടികൾ കൊല്ലപ്പെട്ട ആറ് ആക്രമണങ്ങൾ എടുത്തുപറഞ്ഞ അദ്ദേഹം ഗസ്സയിൽ കുട്ടികൾ അനുഭവിക്കുന്ന സമാന സാഹചര്യമാണ് ലബനാനിലുമെന്ന് ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് കുട്ടികളാണ് ലബനാനിൽ വീടുകൾ നഷ്ടപ്പെട്ട് അഭയാർഥികളായി കഴിയുന്നത്. ആക്രമണങ്ങളെ തുടർന്ന് സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. വൈകാരികമായ അസ്വസ്ഥതകൾ സമൂഹത്തിൽ പ്രകടമാണെന്നും ഇതു പരിഹരിക്കാനുള്ള നടപടിയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലബനാൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 231 കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഗസ്സയിൽ 13 മാസമായി തുടരുന്ന കൂട്ടക്കുരുതിയിൽ 17,400 കുട്ടികളാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.