കാണാതായ ആറുവയസുകാരനെ കൊലപ്പെടുത്തിയെന്ന നിഗമനത്തിൽ യു.എസ് പൊലീസ്; ഇന്ത്യയിലേക്ക് കടന്ന അമ്മക്കെതിരെ വധശിക്ഷ ഉൾപ്പെടെയുള്ള കുറ്റങ്ങൾ
text_fieldsവാഷിങ്ടൺ: ആറുവയസുകാരനെ കാണാതായത് സംബന്ധിച്ച് അമ്മക്കെതിരെ വധശിക്ഷയുൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി യു.എസ് ഗ്രാൻഡ് ജൂറി. ഈ വർഷം മാർച്ചിൽ യു.എസിൽ നിന്ന് അമ്മ ഇന്ത്യയിലേക്ക് കടന്നിരുന്നു. 2022 ഒക്ടോബറിൽ ഇരട്ട സഹോദരികൾ ജനിച്ചതിനു പിന്നാലെയാണ് ആറുവയസുള്ള നോയൽ റൊഡ്രിഗസ് അൽവാരസിനെ കാണാതായത്. കുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ മരിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.
37 കാരിയായ സിൻഡി സിങ്ങും ഭർത്താവ് അർഷ്ദീപ് സിങ്ങും ആറു കുട്ടികൾക്കൊപ്പം കഴിഞ്ഞ മാർച്ച് മുതൽ ഇന്ത്യയിലാണ് താമസിക്കുന്നത്. സിൻഡി സിങ്ങിന്റെ ആദ്യവിവാഹത്തിലെ കുട്ടിയാണ് നോയൽ. കുട്ടിയെ ഉപേക്ഷിക്കാൻ പ്രേരണ നൽകിയതിന് സിൻഡിയുടെ ഇപ്പോഴത്തെ ഭർത്താവ് അർഷ്ദീപ് സിങ്ങിനെതിരെയും കേസെടുത്തിട്ടുണ്ട്. ദമ്പതികളെ ഇന്ത്യയിൽ നിന്ന് വിട്ടുകിട്ടാനാണ് പൊലീസിന്റെ ശ്രമം. ജീവനോടെയുണ്ടെന്ന ഒരു സൂചനയും ലഭിക്കാത്തതിനെ തുടർന്നാണ് യു.എസ് പൊലീസ് കുട്ടി മരിച്ചതായി കരുതുന്നത്. കുട്ടി മെക്സിക്കോയിൽ തന്റെ യഥാർഥ പിതാവിനൊപ്പമുണ്ടെന്നും അവനെ അപരിചിതന് വിൽപ്പന നടത്തിയെന്നുമൊക്കെയായിരുന്നു ആദ്യം സിൻഡി പറഞ്ഞിരുന്നു. ഇത് കളവാണെന്ന് അന്വേഷിച്ചപ്പോൾ പൊലീസിന് ബോധ്യമായി. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് സിൻഡിയും കുടുംബവും ഇന്ത്യയിലേക്ക് കടന്നത്.
സിൻഡിയുടെ 10 മക്കളിൽ ഒരാളാണ് നോയൽ. ആറുപേർ സിൻഡിക്കൊപ്പവും മൂന്ന് കുട്ടികൾ സിൻഡിയുടെ മാതാപിതാക്കൾക്കുമൊപ്പമാണ് താമസിക്കുന്നത്. കാണാതാകുന്നത് വരെ ടെക്സാസിലെ എവർഗ്രാനിൽ സിൻഡിക്കൊപ്പമായിരുന്നു നോയലും. കുട്ടിയുടെ ഇന്ത്യൻ വംശജനായ രണ്ടാനച്ഛനും ഇവർക്കൊപ്പമായിരുന്നു താമസം. രണ്ടു വർഷം മുമ്പായിരുന്നു സിൻഡി സിങ്ങിനെ വിവാഹം കഴിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടിയെ ഒരു ശാപമായാണ് സിൻഡി കണ്ടിരുന്നത്. ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള തന്റെ കുഞ്ഞുങ്ങളെ നോയൽ ഉപദ്രവിക്കുമെന്നും അവർ ഭയന്നു.
നോയലിന് ആവശ്യമായ ഭക്ഷണവും വെള്ളവും പോലും സിൻഡി കൊടുത്തിരുന്നില്ലെന്നാണ് ബന്ധുക്കളടക്കം പറയുന്നത്. നോയലിന്റെ വൃത്തികേടായ ഡയപ്പറുകൾ മാറ്റാൻ സിൻഡിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഒരിക്കൽ വെള്ളംകുടിച്ചതിന് താക്കോലുപയോഗിച്ച് സിൻഡി നോയലിന്റെ മുഖത്ത് അടിച്ചതായും ബന്ധു വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.