കാണാതായ നവാൽനിയെ ആർട്ടിക് പ്രദേശത്തെ ഏകാന്ത ജയിലിൽ കണ്ടെത്തി
text_fieldsമോസ്കോ: ജയിലിൽ നിന്ന് കാണാതായ റഷ്യൻ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കടുത്ത വിമർശകനുമായ അലക്സി നവാൽനിയെ ജീവനോടെ കണ്ടെത്തി. നേരത്തേ പാർപ്പിച്ചിരുന്ന ജയിലിന് ഏറെ അകലെയുള്ള ആർട്ടിക് പ്രദേശത്തെ പീനൽ കോളനി വിഭാഗത്തിലുള്ള പോളാര്‍ വൂള്‍ഫ് ജയിലിലേക്കാണ് നവാൽനിയെ മാറ്റിപ്പാർപ്പിച്ചതെന്ന് അദ്ദേഹവുമായി ബന്ധമുള്ളവർ വ്യക്തമാക്കി.
കാണാതായി മൂന്നാഴ്ചക്കു ശേഷമാണ് നവാൽനിയെ കണ്ടെത്തിയത്. തടവുകാരെ ഏകാന്തമായി പാർപ്പിക്കുന്ന ഇടമാണ് പീനൽ കോളനികൾ. മൂന്നു മാസം കൂടിയേ ഉള്ളൂ റഷ്യയിൽ പൊതുതെരഞ്ഞെടുപ്പിന്. അതിനിടയിലാണ് നവാൽനിയെ വിജനമായ ജയിലിലേക്ക് മാറ്റിയത്. നവാൽനിയെ ജീവനോടെ കണ്ടെത്തിയതിൽ യു.എസ് സന്തോഷം പ്രകടിപ്പിച്ചു. നവാൽനിയെ എത്രയും വേഗം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട യു.എസ് റഷ്യയിലെ പുടിൻ ഭരണകൂടത്തിന്റെ പ്രതിപക്ഷ വേട്ടയെയും അപലപിച്ചു. അലക്സിയെ മറ്റൊരു ജയിലിലേക്ക് മാറ്റിയതിനെ ഫ്രാൻസ് അപലപിച്ചു.
നവാല്‍നിയെ കണ്ടെത്തിയ വിവരം അദ്ദേഹത്തിന്റെ അനുയായിയാ കിര യാര്‍മിഷ് ആണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ആര്‍ട്ടിക് പ്രദേശത്തുള്ള സ്വയംഭരണ പ്രദേശമായ യെമലോ-നെനെറ്റ്‌സിലെ ഖാര്‍പ്പിലുള്ള ഐ.കെ-3 എന്ന പീനൽ കോളനിയിലാണ് നവാല്‍നി ഉള്ളതെന്നും കിര പറഞ്ഞു. നവല്‍നിയെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സന്ദര്‍ശിച്ചുവെന്നും സുഖമായിരിക്കുന്നുവെന്നും കിര കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിക് വൃത്തത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഖാര്‍പ്പിലെ ജനസംഖ്യ 5000 ആണ്. റഷ്യയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വിദൂരമായ കോളനികളിലൊന്നാണ് ഇത്. പൂജ്യം ഡിഗ്രിക്കും താഴെയാണ് ഇവിടത്തെ താപനില. ഇവിടെയുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാനാകില്ല.
വിവിധ കേസുകളിലായി 30 വർഷത്തിലേറെ തടവുശിക്ഷയാണ് നവാൽനിക്കെതിരെ ചുമത്തിയത്. 2020ൽ ഇദ്ദേഹത്തിനു നേരെ വധശ്രമം നടന്നിരുന്നു. സൈബീരിയയിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രക്കിടെ നവാൽനി അബോധാവസ്ഥയിലാകുകയായിരുന്നു. തുടർന്ന് നവാൽനിക്ക് വിഷം നൽകിയതാണെന്ന് ആരോപണമുയർന്നു. എന്നാൽ ഇതെല്ലാം റഷ്യ തള്ളി. 32 ദിവസത്തെ ആശുപത്രി ജീവിതത്തിനു ശേഷമാണ് നവാൽനി ജീവിതത്തിലേക്ക് മടങ്ങിയത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം വീണ്ടും ജയിലിലേക്ക് തന്നെ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.