സമുദ്രത്തിനടിയിൽ നിന്ന് ശബ്ദം, ഓരോ 30 മിനിറ്റിലും ആവർത്തിക്കുന്നുവെന്ന്; ടൈറ്റന് വേണ്ടി തെരച്ചിൽ തുടരുന്നു
text_fieldsടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രക്കിടെ അന്‍റ്ലാന്‍റിക്കിൽ കാണാതായ ചെറു മുങ്ങിക്കപ്പൽ 'ടൈറ്റന്' വേണ്ടിയുള്ള തെരച്ചിൽ തുടരവേ സമുദ്രത്തിൽ നിന്ന് പ്രത്യേക മുഴക്കം തിരിച്ചറിഞ്ഞു. കനേഡിയൻ പി-3 എയർക്രാഫ്റ്റാണ് 'ഇടിക്കുന്ന ശബ്ദം' തിരിച്ചറിഞ്ഞത്. ഓരോ 30 മിനിറ്റ് ഇടവേളയിലായി ഈ ശബ്ദം കേട്ടതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശബ്ദം കേട്ട ഭാഗത്തേക്ക് തെരച്ചിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്.
ശബ്ദം കേട്ടത് സ്ഥിരീകരിച്ച യു.എസ് കോസ്റ്റ് ഗാർഡ് തെരച്ചിലിൽ ഇതുവരെ ശുഭകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. റോബോട്ടിക് ഉപകരണങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് ശ്രമം തുടരുകയാണ്. പി-3 എയർക്രാഫ്റ്റ് തിരിച്ചറിഞ്ഞ ശബ്ദം നേവി വിദഗ്ധർക്ക് വിശദമായ അവലോകനത്തിനായി കൈമാറിയിട്ടുണ്ടെന്നും കോസ്റ്റ് ഗാർഡ് നോർതേൺ കമാൻഡ് വ്യക്തമാക്കി.
ശബ്ദം കേട്ട ഭാഗത്ത് എത്രയും വേഗം തെരച്ചിൽ കേന്ദ്രീകരിക്കണമെന്ന് സമുദ്ര വിദഗ്ധൻ ഡേവിഡ് ഗാലോ അഭിപ്രായപ്പെട്ടു. സമയമാണ് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. റോബോട്ടുകളും മുങ്ങിക്കപ്പലുകളും ഉപയോഗിച്ച് ശബ്ദം വന്ന കേന്ദ്രം കണ്ടെത്തണം. കാണാതായ ടൈറ്റൻ മുങ്ങിക്കപ്പലിലുള്ള അഞ്ചുപേരിലൊരാളായ സമുദ്രഗവേഷകൻ പോൾ ഹെൻട്രി നാർജിയോലെറ്റ് എന്‍റെ സുഹൃത്താണ്. ഓരോ 30 മിനിറ്റിലും കേൾക്കുന്ന ഈ ഇടി ശബ്ദം പോലെ എന്തെങ്കിലുമൊന്ന് ചെയ്യാൻ സാധ്യതയുള്ള വ്യക്തിയാണ് അദ്ദേഹം -ഗാലോ പറഞ്ഞു.
എവിടെയാണ് കാണാതായത് ?
കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് സെന്റ്ജോൺസ് തീരത്തുനിന്ന് 600 കിലോമീറ്റർ അകലെ അത്ലാന്റിക്കിന്റെ അടിത്തിട്ടിലുള്ള ടൈറ്റാനിക്കിന്റെ ഭാഗങ്ങൾ കാണാൻ ഞായറാഴ്ച രാവിലെ പുറപ്പെട്ട് 45 മിനിറ്റിനുശേഷം അന്തർവാഹിനിയുമായുള്ള ബന്ധം അറ്റു. പോളാർ പ്രിൻസ് എന്ന കപ്പലാണ് അന്തർവാഹിനിയെ നിയന്ത്രിച്ചിരുന്നത്.
ടൈറ്റൻ അന്തർവാഹനി
6.7 മീറ്റർ നീളമുള്ള ടൈറ്റൻ അന്തർവാഹിനിക്ക് 4000 മീറ്റർ ആഴത്തിലെത്താനാകും. അഞ്ച് പേർക്ക് 96 മണിക്കൂർ വരെ ഇതിൽ കഴിയാം. മണിക്കൂറിൽ മൂന്നര മൈലാണ് വേഗത. ടൈറ്റാനിക് കാണാൻ എട്ട് ദിവസത്തെ യാത്രക്ക് ഒരാൾക്ക് രണ്ടര ലക്ഷം ഡോളറാണ് (2.05 കോടിരൂപ) ഈടാക്കുന്നത്. കപ്പൽ കിടക്കുന്ന സ്ഥലത്തേക്ക് എത്താനും തിരിച്ചുവരാനും ഏകദേശം എട്ട് മണിക്കൂറാണ് വേണ്ടി വരുന്നത്. 2021ൽ കമ്പനി ആദ്യ ദൗത്യം നടത്തിയിരുന്നു.
ഓക്സിജൻ തീരാറായി...
ബുധനാഴ്ച രാവിലെത്തെ അനുമാനമനുസരിച്ച് 30 മണിക്കൂർ വരെ സമയത്തേക്കുള്ള ഓക്സിജനാണ് അന്തർവാഹിനിയിൽ ശേഷിക്കുന്നത്. വിദൂര മേഖലയിലെ തിരച്ചിൽ ദൗത്യം അങ്ങേയറ്റം ദുഷ്കരമാണെന്ന് യു.എസ് കോസ്റ്റ് ഗാർഡ് പറയുന്നു.
ഉള്ളിലാര് ?
ബ്രിട്ടീഷ് പൗരനായ പാകിസ്താനി ബിസിനസുകാരൻ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, ബ്രിട്ടീഷ് ബിസിനസുകാരനും പര്യവേഷകനുമായ ഹാമിഷ് ഹാർഡിങ്, ടൂറിസം പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഓഷ്യൻ ഗേറ്റ് ചീഫ് എക്സിക്യുട്ടീവ് സ്റ്റോക്ടൺ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൾ ഹെന്റി നർജിയോലെറ്റ് എന്നിവരാണ് അന്തർവാഹിനിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.