സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തത്തിന് ഇനിയും കാത്തിരിക്കണം
text_fieldsന്യൂയോർക്: സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തം ലക്ഷ്യമിട്ട് സ്പേസ് എക്സ് നടത്താനിരുന്ന വിക്ഷേപണം നീട്ടിവെച്ചു. ‘പൊളാരിസ് ഡോൺ’ എന്ന പേരിലുള്ള ദൗത്യത്തിന്റെ വിക്ഷേപണം ബുധനാഴ്ച രാവിലെ േഫ്ലാറിഡയിലെ നാസയുടെ സ്പേസ് സെന്ററിൽ നിന്നാണ് നടത്തേണ്ടിയിരുന്നത്. എന്നാൽ, വിക്ഷേപണത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ദൗത്യം മാറ്റി വെച്ചതായി സ്പേസ് എക്സ് അറിയിച്ചത്. പ്രതികൂല കാലാവസ്ഥയാണ് ദൗത്യം മാറ്റാൻ കാരണമെന്ന് കമ്പനി അറിയിച്ചു.
പേടകത്തെ റോക്കറ്റുമായി ബന്ധിപ്പിക്കുന്ന ലൈനിൽ ഹീലിയം ചോർച്ചയുണ്ടായതിനെത്തുടർന്ന് ചൊവ്വാഴ്ചയും വിക്ഷേപണം ഉപേക്ഷിച്ചിരുന്നു. ഇനി വിക്ഷേപണം എന്നായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഷിഫ്റ്റ് ഫോർ എന്ന പണമിടപാട് സ്ഥാപനത്തിന്റെ സ്ഥാപകനായ ശതകോടീശ്വരൻ ജാറെദ് ഐസക്മാനാണ് ദൗത്യത്തിലെ ശ്രദ്ധാകേന്ദ്രം. ബഹിരാകാശ നടത്തം പൂർത്തിയാക്കുന്ന ആദ്യ സ്വകാര്യവ്യക്തിയെന്ന നേട്ടമാണ് ഇദ്ദേഹത്തിന്റെ സ്വപ്നം.
സ്പേസ് എക്സുമായി ചേർന്നുള്ള ദൗത്യത്തിന്റെ ചെലവിൽ നല്ലൊരു പങ്ക് വഹിക്കുന്നതും ഇദ്ദേഹമാണ്. അതേസമയം, എത്ര തുകയാണ് മുടക്കിയതെന്ന കാര്യം അദ്ദേഹം പുറത്തുവിട്ടിട്ടില്ല. സ്പേസ് എക്സിലെ മെഡിക്കൽ വിദഗ്ധനും മലയാളിയുമായ ഡോ. അനിൽ മേനോന്റെ ഭാര്യ അന്നയും ബഹിരാകാശ ദൗത്യത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.