ബോറിസ് ജോൺസണെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി; കാലാവസ്ഥാ മാറ്റങ്ങളെ പ്രതിരോധിക്കാനായി കൈകോർക്കാമെന്ന് ധാരണ
text_fieldsകോവിഡ് കാരണം നേരത്തെ നടക്കാതെ പോയ ഇന്ത്യ സന്ദർശനം ഇനിയും വൈകിക്കരുതെന്ന മോദിയുടെ നിർബന്ധത്തിന് വഴങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യൻ സന്ദർശനത്തിനായുള്ള ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വീകരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശ്രിംഗ്ല ചൊവ്വാഴ്ച്ച അറിയിച്ചു.
ഗ്ലാസ്ഗോയിൽ നടന്ന കാലാവസ്ഥ ഉച്ചകോടിക്കിടെയായിരുന്നു ഇരുപ്രധാനമന്ത്രിമാരുടെയും വ്യക്തിപരമയാ കൂടിക്കാഴ്ച. പാരിസ്ഥിതിക സംരക്ഷണം, നൂതന സാങ്കേതിക വിദ്യകൾ, സാമ്പത്തികം, പ്രതിരോധം തുടങ്ങിയവ സംബന്ധിച്ചെല്ലാം ഇരുവരും ചർച്ച നടത്തി.
ഈ വർഷത്തെ ഇന്ത്യൻ റിപ്പബ്ലിക് പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും കോവിഡ് വ്യാപകമായ സാഹചര്യത്തിൽ ആ സന്ദർശനം ഒഴിവാക്കുകയായിരുന്നു. ബോറിസ് ജോൺസന്‍റെ ഇന്ത്യൻ സന്ദർശനം മുടങ്ങിയതിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഗ്ലാസ്ഗോവിൽ നടന്നത്.
കാലാവസ്ഥാ വ്യതിയാനങ്ങളെ കുറക്കാനുള്ള സഹകരണം ഉൾപ്പടെ പ്രധാന വിഷങ്ങളിൽ ഇരുവരും ചർച്ച നടത്തി. ഈ ചർച്ചക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, ബോറിസ് ജോൺസണിനെ ഇന്ത്യൻ സന്ദർശനത്തിനായി ക്ഷണിച്ചതെന്ന് ഔദ്യോഗിക പ്രസ്ഥാവനയിൽ പറഞ്ഞു.
കാലാവസ്ഥാ മാറ്റങ്ങളെ തടയാനടക്കമുള്ള കാര്യങ്ങൾക്ക് തയാറാക്കിയ ധാരണകൾ നടപ്പാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബന്ധമാണെന്ന് യുകെയിലെ ഇന്ത്യൻ ഹൈകമ്മീഷ്ണർ ഗൈത്രി ഇസാർ കുമാർ പറഞ്ഞു. 'ഞങ്ങൾ 2022 മാർച്ചിൽ ഒപ്പുവെയ്ക്കുന്ന ഇടക്കാല കരാറിനു വേണ്ടി 2021 നവംബറിൽ ചർച്ച തുടങ്ങുകയാണ്, ഷെഡ്യൂൾ അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നതെങ്കിൽ 2022 നവംബറിൽ കരാർ ഒപ്പുവെക്കാനാകും.' -ഗൈത്രി ഇസാർ കുമാർ പറഞ്ഞു.
ഉച്ചകോടി വിജയകരമായി നടത്തിയതിനും, കാലാവസ്ഥാ വ്യതിയാനങ്ങളെ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ബോറിസ് ജോൺസണെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.