ഡെന്മാർക് നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി
text_fieldsകോപൻഹേഗൻ/ബർലിൻ: ഡെന്മാർക്കിൽനിന്നുള്ള കമ്പനികളെയും പെൻഷൻ ഫണ്ടുകളെയും ഇന്ത്യയിൽ നിക്ഷേപത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിദിന യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഡെന്മാർക്കിലെത്തിയതായിരുന്നു മോദി. ഇന്ത്യയിലെ അടിസഥാന വികസന മേഖലയിലും ഹരിത വ്യവസായത്തിലും ഡാനിഷ് കമ്പനികൾക്ക് ഏറെ നിക്ഷേപ സാധ്യതയുണ്ടെന്ന് ബിസിനസ് സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനുമായും മോദി കൂടിക്കാഴ്ച നടത്തി.
ആഗോളതലത്തിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തിനായി ഇന്ത്യൻ പ്രവാസി സമൂഹം മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ബർലിനിൽ പറഞ്ഞു. കരുത്തോടെ മുന്നേറാനാണ് നമ്മുടെ തീരുമാനമെന്നും ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം വ്യക്തമാക്കി. പോസ്റ്റ്ഡമർ പ്ലാറ്റ്സിൽ നടന്ന പരിപാടിയിൽ 1600ലധികം ഇന്ത്യക്കാർ പങ്കെടുത്തു. വേഗത്തിലുള്ള വികസനത്തിന് രാഷ്ട്രീയ സ്ഥിരത ആവശ്യമാണെന്ന് ഇന്ത്യൻ യുവത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. കേവലം 'ഒരു ബട്ടൺ അമർത്തി'യാണ് മൂന്ന് ദശാബ്ദക്കാലത്തെ അസ്ഥിരത ജനം അവസാനിപ്പിച്ചത്. രാജ്യം ഒന്നായിരുന്നപ്പോഴും രണ്ട് ഭരണഘടനയായിരുന്നെന്ന് ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി പരാമർശിച്ച് മോദി പറഞ്ഞു. ഇത് അവസാനിപ്പിക്കാൻ ഏഴ് പതിറ്റാണ്ടുകൾ വേണ്ടി വന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി മോദി ചർച്ച നടത്തി. യുക്രെയ്നിലെ അതിക്രമങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മോദിയും ഷോൾസും ചർച്ചക്കിടെ ആവശ്യപ്പെട്ടു. ഇരുവരും പിന്നീട് സംയുക്തമായി മാധ്യമങ്ങളെ കണ്ടു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഒരു രാജ്യവും വിജയിക്കില്ലെന്നാണ് ഇന്ത്യ കരുതുന്നതെന്ന് മോദി പറഞ്ഞു. എല്ലാവർക്കും നഷ്ടങ്ങളുണ്ടാകും. ദരിദ്ര, വികസ്വര രാഷ്ട്രങ്ങളിൽ യുദ്ധത്തിന്റെ ആഘാതം വളരെ കൂടുതലായിരിക്കും. 'ആത്മനിർഭർ ഭാരതി'ൽ പങ്കാളികളാകാൻ മോദി ജർമനിയെ ക്ഷണിച്ചു. ഹരിത-സുസ്ഥിര വികസന മേഖലകളിൽ സംയുക്ത പ്രസ്താവനയിലും ഒപ്പിട്ടു.
മോദിയുടെ സന്ദർശനത്തിനിടെ, ഇന്ത്യയും ജർമനിയും കാലാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം രംഗത്തെ സഹകരണം വർധിപ്പിക്കാൻ സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പിട്ടു. ഇരുരാജ്യങ്ങളുടെയും പരിസ്ഥിതി മന്ത്രിമാരായ ഭൂപീന്ദർ യാദവും സ്റ്റെഫി ലെംകെയുമാണ് വെർച്വലായി (ഓൺലൈൻ വഴി) പ്രസ്താവനയിൽ ഒപ്പിട്ടത്. ഇന്തോ-ജർമൻ ഹരിത ഹൈഡ്രജൻ കർമ സേന രൂപവത്കരണത്തിനായുള്ള സംയുക്ത പ്രസ്താവനയിലും ഇരുരാജ്യങ്ങളും ഒപ്പിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.