മാർപാപ്പക്ക് മോദിയുടെ ക്ഷണം; ക്രൈസ്തവ സഭകൾ ആഹ്ലാദത്തിൽ
text_fieldsന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിന് മോദിസർക്കാർ വഴി തുറക്കാത്തതിൽ ഏറക്കാലമായി അമർഷവും ആശങ്കയുമായി കഴിഞ്ഞ ക്രൈസ്തവ സഭകൾ ആഹ്ലാദത്തിൽ. നരേന്ദ്ര മോദി ഭരണകൂടവുമായി ബന്ധം ഊഷ്മളമാവുമെന്ന ക്രൈസ്തവ സഭയുടെ പ്രത്യാശയിലേക്കു കൂടി വഴി തുറക്കുന്നതാണ് വത്തിക്കാൻ പാലസിൽ നടന്ന പോപ്, മോദി കൂടിക്കാഴ്ച. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യാത്രയുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മാർപാപ്പയെ കാണാൻ വത്തിക്കാൻ പാലസിലെത്തിയത്. രാഷ്ട്രനേതാക്കൾ പരസ്പരം കണ്ടുമുട്ടുേമ്പാൾ ആതിഥേയനെ അതിഥി സ്വന്തം രാജ്യത്തേക്ക് ക്ഷണിക്കുന്നത് യഥാർഥത്തിൽ പതിവു നയതന്ത്ര കീഴ്വഴക്കമാണ്. അതേസമയം, ഇന്ത്യ സന്ദർശനത്തിന് മാർപാപ്പയെ ഇതുവരെ മോദിസർക്കാർ ഒൗപചാരികമായി ക്ഷണിക്കാത്തതിൽ ക്രൈസ്തവ സഭക്കുള്ള അമർഷവും അകൽച്ചയും നീക്കുന്ന ചുവടുവെപ്പു കൂടിയായി അത്.
ഇന്ത്യയിലെ ന്യൂനപക്ഷ, സാമുദായിക സാഹചര്യങ്ങളെക്കുറിച്ച കടുത്ത വിമർശനങ്ങൾക്കിടയിൽ അന്താരാഷ്്്ട്ര തലത്തിലെ പ്രതിഛായ നിർമാണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ കൂടിക്കാഴ്ചയിൽ ലക്ഷ്യം വെച്ചതെന്ന് വ്യക്തം. ക്രൈസ്തവർക്ക് ഗണ്യമായ സ്വാധീനമുള്ള ഗോവയിൽ മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പ്രയോജനപ്പെടുന്നതാണ് മാർപാപ്പക്കുള്ള ക്ഷണമെന്ന് ബി.ജെ.പി വിലയിരുത്തുന്നുണ്ട്. സ്വാധീനമുറപ്പിക്കാൻ കഴിയാത്ത കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്രൈസ്തവ പിന്തുണയിലും കണ്ണുണ്ട്. പല കാരണങ്ങളാൽ മോദിസർക്കാറുമായി കെട്ടുറപ്പുള്ള പാലം വേണമെന്ന ചിന്ത ക്രൈസ്തവ സഭാ നേതൃതലത്തിൽ ശക്തവുമാണ്.
2013ൽ പദവിയേറ്റ ശേഷം ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയുടെ അയൽപക്ക രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ വന്നു പോയി. കേന്ദ്രസർക്കാറിെൻറ ക്ഷണമില്ല എന്ന ഒറ്റക്കാരണത്താലാണ് ഇന്ത്യൻ വ്യോമാതിർത്തിയിലൂടെ 2017ൽ ബംഗ്ലാദേശിലേക്ക് പറന്നിട്ടും മാർപാപ്പക്ക്, ഏഷ്യയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ ഇറങ്ങാൻ കഴിയാതെ പോയത്. ഇതിനകം 54 രാജ്യങ്ങൾ സന്ദർശിച്ച മാർപാപ്പയുടെ ഇന്ത്യ സന്ദർശനം രാജ്യത്തെ ൈക്രസ്തവ സഭകളുടെ മാത്രമല്ല, വത്തിക്കാെൻറയും പ്രത്യേക താൽപര്യമായിരുന്നു.
കടുത്ത സമ്മർദങ്ങൾ ഉയർന്നെങ്കിലും ഉചിത സമയത്ത് ക്ഷണം എന്ന സമീപനത്തിലായിരുന്നു മോദിസർക്കാർ. ജി 20 ഉച്ചകോടിക്ക് വത്തിക്കാൻ യാത്ര അനിവാര്യമായതോടെയാണ് മോദി, പോപ്പ് കൂടിക്കാഴ്ചക്കും ഇന്ത്യയിലേക്കുള്ള സ്വാഭാവിക ക്ഷണത്തിനും വഴി തെളിഞ്ഞത്. മോദിയുടെ റോം സന്ദർശനം നിശ്ചയിക്കപ്പെട്ടതോടെ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാനുള്ള സമ്മർദം ക്രൈസ്തവ സഭകൾ ശക്തമാക്കിയിരുന്നു.
1999ൽ ഡൽഹിയിലെ ഏഷ്യൻ സിനഡിന് ജോൺ പോൾ രണ്ടാമനു ശേഷം ഇന്ത്യയിൽ മാർപാപ്പയുടെ സന്ദർശനം ഉണ്ടായിട്ടില്ല. അജപാലന സന്ദർശനമെന്ന നിലയിൽ ഇന്ത്യയിൽ മാർപാപ്പയുടെ ദേശവ്യാപക പര്യടനം നടന്നത് 35 വർഷം മുമ്പാണ്.
അതിെൻറ ഭാഗമായി ജോൺപോൾ മാർപാപ്പ 1986ൽ കേരളത്തിലും എത്തിയിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യയിലെ യാത്രാപരിപാടികൾക്ക് രൂപമാകാൻ ഇരു രാജ്യത്തെയും നയതന്ത്ര പ്രതിനിധികൾ പലവട്ടം ചർച്ച നടത്തേണ്ടതുണ്ട്. കോവിഡ് സാഹചര്യങ്ങൾ ഉള്ളതിനാൽ 1999ലെന്ന പോലെ പരിമിത സന്ദർശനവുമായേക്കാം. 2022ൽ കാനഡയും 2023ൽ പോർച്ചുഗലുമാണ് മാർപാപ്പയുടെ നിലവിലെ യാത്രാപരിപാടി.
ചരിത്രപരമായ തീരുമാനം –കർദിനാൾ ആലഞ്ചേരി
കൊച്ചി: വത്തിക്കാനിലെ കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചത് അഭിനന്ദനാർഹമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ധാർമികതയുടെയും മാനവികതയുടെയും ശബ്ദമായ ഫ്രാൻസിസ് മാർപാപ്പക്ക് സ്വാഗതമോതാനുള്ള തീരുമാനം ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ബഹുസ്വരസമൂഹമായ ഇന്ത്യയിൽ സാഹോദര്യവും സഹവർത്തിത്വവും പരിപോഷിപ്പിക്കാൻ സന്ദർശനം വഴിയൊരുക്കും. പ്രധാനമന്ത്രിക്ക് കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി പ്രസിഡൻറ് ആലഞ്ചേരി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.