മുഹമ്മദ് മൊയ്സു മാലദ്വീപിന്റെ പുതിയ പ്രസിഡന്റ്
text_fieldsമാലെ: മാലദ്വീപിന്റെ പുതിയ പ്രസിഡന്റായി പ്രതിപക്ഷ സ്ഥാനാർഥി മുഹമ്മദ് മൊയ്സു (45) തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഘട്ട വോട്ടെടുപ്പിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റും എതിരാളിയുമായിരുന്ന മുഹമ്മദ് സാലിഹിനെ 54 ശതമാനം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ചൈനയോട് ആഭിമുഖ്യം പുലർത്തുന്ന മൊയ്സു അധികാരത്തിലേറുന്നത്.
ആദ്യഘട്ട വോട്ടെടുപ്പ് സെപ്റ്റംബർ ഒമ്പതിനാണ് നടന്നത്. രണ്ടാംഘട്ടം കഴിഞ്ഞ ദിവസവും. വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ മൊയ്സുവിനായിരുന്നു സാലിഹിനേക്കാൾ മേൽക്കൈ. മാലെ ഗവർണറും മുൻ മന്ത്രിയുമായിരുന്നു മൊയ്സു. അഴിമതിക്കേസിൽ ശിക്ഷയനുഭവിക്കുന്ന മുൻ പ്രസിഡന്റ് അബ്ദുല്ല യമീൻ അബ്ദുൽ ഗയ്യൂമിന് മത്സരിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് മൊയ്സു പ്രസിഡന്റ് സ്ഥാനാർഥിയായത്.യമീൻ പ്രസിഡന്റായിരുന്നപ്പോൾ മാലദ്വീപ് ചൈനയിൽ നിന്ന് വൻതോതിൽ കടം വാങ്ങിയിരുന്നു. തന്റെ രാഷ്രടീയ ഗുരുവായ യമീനെ ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടികൾക്കായിരിക്കും അധികാരമേറ്റെടുത്താലുടൻ മൊയ്സു തുടക്കം കുറിക്കുക.
ഇന്ത്യയോട് ചായ്‍വുള്ള പ്രസിഡന്റായിരുന്നു സാലിഹ്. 2018ൽ സാലിഹ് പ്രസിഡന്റായി ചുമതലയേൽക്കുന്ന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയിരുന്നു. നവംബർ 17നാണ് പുതിയ പ്രസിഡന്റ് അധികാരമേൽക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.