മുഹമ്മദ് മുസ്തഫ ഫലസ്തീന്റെ പുതിയ പ്രധാനമന്ത്രി
text_fieldsവെസ്റ്റ് ബാങ്ക്: ഫലസ്തീന്റെ പുതിയ പ്രധാനമന്ത്രിയായി മുൻ ഉപപ്രധാനമന്ത്രിയും ഫലസ്തീൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനുമായ മുഹമ്മദ് മുസ്തഫയെ നിയമിച്ചു. ദീർഘകാലമായി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ സാമ്പത്തിക കാര്യങ്ങളിലെ ഉപദേശകൻ കൂടിയാണ് മുഹമ്മദ് മുസ്തഫ. ഫലസ്തീനിലെ ഇസ്രായേൽ വംശഹത്യയിൽ പ്രതിഷേധിച്ചും പട്ടിണി പടരുമ്പോൾ ഒന്നും ചെയ്യാനാകാത്തതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തും മുഹമ്മദ് ഇശ്തയ്യ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് മൂന്നാഴ്ചയോടടുക്കുമ്പോഴാണ് പുതിയ നിയമനം.
ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ പരിമിത അധികാരമുള്ള ഫലസ്തീൻ അതോറിറ്റിക്ക് വേണ്ടി പുതിയ സർക്കാർ രൂപവത്കരിക്കാനുള്ള ചുമതലയാണ് 69കാരന്റെ മുന്നിലുള്ളത്. വാഷിങ്ടണിലെ ജോർജ് വാഷിങ്ടൺ സർവകലാശാലയിൽനിന്ന് പഠനം പൂർത്തിയാക്കിയ മുഹമ്മദ് മുസ്തഫ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിലെ സ്വതന്ത്ര എക്സിക്യൂട്ടീവ് അംഗമാണ്. 2013 -15 കാലയളവിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, ലോക ബാങ്കിന്റെ ഉന്നത പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് തകർന്ന ഫലസ്തീന്റെ പുനർനിർമാണത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.