ഒരു ബന്ദിക്ക് പകരം 100 ഫലസ്തീനി തടവുകാരെ മോചിപ്പിക്കും; മധ്യസ്ഥ ചർച്ച പുരോഗമിക്കുന്നു
text_fieldsഗസ്സ/ തെൽഅവീവ്: ബന്ദിമോചനവും വെടിനിർത്തലും സംബന്ധിച്ച് ഹമാസിനും ഇസ്രായേലിനും ഇടയിൽ മധ്യസ്ഥ ചർച്ച തുടരുന്നു. ഇസ്രായേൽ, ഈജിപ്ത്, യു.എസ് എന്നിവയുടെ രഹസ്യാന്വേഷണ വിഭാഗം തലവന്മാരും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമാണ് ചർച്ചക്ക് നേതൃത്വം നൽകുന്നത്.
ഹമാസ് ബന്ദിയാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്നതാണ് ഇസ്രായേലിന്റെ പ്രധാന ആവശ്യം. യഹിയ സിൻവാർ അടക്കമുള്ള ഹമാസിന്റെ ആറ് പ്രമുഖ നേതാക്കളെ ഗസ്സയിൽനിന്ന് നാടുകടത്തണമെന്നും ഇസ്രായേൽ ആവശ്യപ്പെടുന്നു.
എന്നാൽ, ബന്ദികളെ മോചിപ്പിക്കണമെങ്കിൽ ഇസ്രായേൽ തടവറകളിൽ കഴിയുന്ന മുഴുവൻ ഫലസ്തീനികളെയും മോചിപ്പിക്കണമെന്നും യുദ്ധം ശാശ്വതമായി നിർത്തണമെന്നുമാണ് ഹമാസ് മുന്നോട്ടുവെക്കുന്ന സുപ്രധാന നിബന്ധന. നേതാക്കളെ നാടുകടത്തണമെന്ന ഇസ്രായേലിന്റെ ആവശ്യം അംഗീകരിക്കാനേ കഴിയില്ലെന്നും ഹമാസ് വ്യക്തമാക്കുന്നു.
അതിനിടെ, ഒരു ഇസ്രായേലി ബന്ദിക്ക് പകരം 100 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാം എന്ന ഫോർമുല ചർച്ചയിൽ മുന്നോട്ടുവന്നിട്ടുണ്ട്. എന്നാൽ, ഇത് ഹമാസ് അംഗീകരിക്കാൻ സാധ്യതയില്ല. എല്ലാ ബന്ദികൾക്കും പകരം എല്ലാ തടവുകാരും എന്നതാണ് ഹമാസിന്റെ നയം.
ഒന്നോ രണ്ടോ മാസത്തേക്കുള്ള താൽക്കാലിക വെടിനിർത്തലിലാണ് ഇസ്രായേൽ ഇപ്പോഴും കടിച്ചുതൂങ്ങുന്നത്. തുടർന്ന് യുദ്ധം പുനരാരംഭിക്കുമെന്നും ഇവർ സൂചന നൽകുന്നു. ഇതും മധ്യസ്ഥ ചർച്ചക്ക് അന്തിമരൂപം കൈവരിക്കുന്നതിന് തടസ്സമാകുന്നുണ്ട്. നവംബർ അവസാന വാരം ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തലിന് ശേഷം ഇരുകക്ഷികളുമായുള്ള ബന്ദിമോചന- വെടിനിർത്തൽ ചർച്ച ധാരണയിലെത്തിയിരുന്നില്ല. നിലവിൽ ഒത്തുതീർപ്പിനുള്ള വഴി തെളിയുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബന്ദികളുടെ ബന്ധുക്കൾ ഇസ്രായേലിൽ നടത്തുന്ന പ്രക്ഷോഭങ്ങൾ, ഒത്തുതീർപ്പിന് വഴങ്ങാൻ നെതന്യാഹു സർക്കാറിന് മേൽ സമ്മർദം ചെലുത്തുണ്ട്. കൂടാതെ, ഗസ്സയിൽ ഇസ്രായേൽ സൈനികർ കൂട്ടത്തോടെ കൊല്ലപ്പെടുന്നതും വെടിനിർത്തൽ ചർച്ചക്ക് ആക്കം കൂട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.