ചാടി രക്ഷപ്പെട്ടയാളെ പിടിച്ചുകെട്ടാൻ യുദ്ധ സന്നാഹം; കാര്യമറിഞ്ഞപ്പോൾ അതിശയിച്ച് നാട്ടുകാർ
text_fieldsകഴിഞ്ഞ ദിവസം അമേരിക്കയിലെ പെൻസിൽവാനിയയിൽ പൊലീസും വന്യജീവി വകുപ്പുമെല്ലാം ചേർന്ന് ഒരു 'അരിച്ചുപെറുക്കി' പരിശോധന നടത്തി. വലിയ സെർച്ച് ലൈറ്റുകളും സന്നാഹങ്ങളുമൊക്കെയായിട്ടായിരുന്നു തിരച്ചിൽ. എന്തിനധികം, അത്യാധുനിക കാമറയടക്കമുള്ള സൗകര്യങ്ങളോടുകൂടിയ ഹെലികോപ്റ്റർ പോലും തിരച്ചിലിനായി എത്തിയിരുന്നു. നഷ്ടപ്പെട്ടത് എന്താണെന്ന് അറിയാൻ വട്ടംകൂടിയ നാട്ടുകാർക്ക് കാര്യമറഞ്ഞപ്പോൾ ആദ്യം അതിശയമാണ് തോന്നിയത്.
ഒരു ട്രക്ക് അപകടത്തിനിടെ ചാടി രക്ഷപ്പെട്ട നാല് കുരങ്ങൻമാർക്കായായിരുന്നു ആ തിരച്ചിലത്രയും. തിരിച്ചിലിനിടെ മൂന്നെണ്ണത്തെ പിടികൂടുകയും ചെയ്തു. വെറുമൊരു കുരങ്ങന് വേണ്ടി എന്തിനാണിത്ര സന്നഹാങ്ങളും തിരച്ചിലുമൊക്കെ എന്ന് കരുതുന്നവർ ബാക്കി കൂടി അറിയണം.
ഞണ്ടു തീനി, നീളൻ വാലൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന സൈനമോഗസ് (cynomolgus) കുരങ്ങൻമാരാണ് ട്രക്കിൽ നിന്ന് രക്ഷപ്പെട്ടത്. തെക്കുകിഴിക്കൻ ഏഷ്യക്കാരനായ ഇൗ കുരങ്ങൻമാരെ മരുന്ന് പരീക്ഷണങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കോവിഡ് വാക്സിൻ പരീക്ഷണങ്ങൾക്കാണ് ഇപ്പോൾ ഇവയെ കൂടുതലായി ഉപയോഗിക്കുന്നത്. ഒരു സൈനമോഗസ് കുരങ്ങന് 10,000 ഡോളർ (7.5 ലക്ഷം രുപ) വരെ വിലയുണ്ട്.
കോവിഡ് വ്യാപനത്തെ തുടർന്ന് അമേരിക്കയിലെ പല ശാസ്ത്രഞജരും സൈനമോഗസ് കുരങ്ങൻമാരുടെ കരുതൽ ശേഖരം വേണെമന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ധനത്തിനും ധാന്യത്തിനുമൊക്കെ കരുതൽ ശേഖരം സൂക്ഷിക്കുന്നത് പോലെ സൈനമോഗസ് കുരങ്ങൻമാരുടെ കരുതൽ ശേഖരവും വേണമെന്നായിരുന്നു ആവശ്യം.
ഒരു ലാബിലേക്ക് 100 കുരങ്ങൻമാരുമായി പോകുന്ന ട്രക്കാണ് പെൻസിൽവാനിയയിൽ അപകടത്തിൽ പെട്ടത്. ഇതിൽ നിന്നാണ് നാല് കുരങ്ങൻമാർ ചാടി രക്ഷപ്പെട്ടത്. അമേരിക്ക കരുതൽ ശേഖരം വേണമെന്ന് കരുതുന്ന അമൂല്യ സമ്പത്താണ് ട്രക്കിൽ നിന്ന് ചാടി ഒാടിയത്. യുദ്ധ സന്നാഹങ്ങളുമായി അവയെ വീണ്ടെടുത്തത് കോവിഡിനെതിരായ ഗവേഷണങ്ങൾ നിലക്കാതെ തുടരാൻ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.