സാമ്പത്തിക സുസ്ഥിരതയിലേക്ക് നയിക്കുന്ന നേതാവ്; കമല ഹാരിസിനെ പിന്തുണച്ച് കൂടുതൽ ശതകോടീശ്വരർ
text_fieldsന്യൂയോർക്ക്: 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, ഡോണൾഡ് ട്രംപിനെ അപേക്ഷിച്ച് കമല ഹാരിസിന് പിന്തുണയുമായി കൂടുതൽ ശതകോടീശ്വരൻമാർ. ഇലോൺ മസ്ക് തന്റെ പിന്തുണ ട്രംപിനാണെന്ന് പ്രഖ്യാപിച്ചപ്പോൾ, വാറൻ ബഫറ്റിനെയും മാർക് സക്കർബർഗിനെയും പോലുള്ളവർ അക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ മാറിനിൽക്കുകയാണ്.
ഫോബ്സ് റിപ്പോർട്ട് പ്രകാരം 76 ശതകോടീശ്വരൻമാരുടെ പിന്തുണ കമല ഹാരിസ് ഉറപ്പിച്ചു. 49 ശതകോടീശ്വരൻമാരാണ് ട്രംപിനെ പിന്തുണക്കുന്നത്. പ്രായോഗികവാദം മുൻനിർത്തിയാണ് പല ശതകോടീശ്വരരും കമല ഹാരിസിനെ പിന്തുണക്കുന്നത്. സാമ്പത്തിക സുസ്ഥിരതയിലേക്ക് നയിക്കുന്ന സുതാര്യവും കുറ്റമറ്റതുമായ നയങ്ങളുടെ വക്താവാണ് കമല ഹാരിസ് എന്ന് കരുതിയാണ് ഈ പിന്തുണ.
കാലിഫോർണിയ പ്രോസിക്യൂട്ടർ എന്ന നിലയിൽ കമല ഹാരിസിനെ സിലിക്കൺ വാലിയിലെ ശതകോടീശ്വരൻമാർക്ക് നന്നായി അറിയാവുന്നതാണ്. സാങ്കേതികം, ആരോഗ്യം, സുസ്ഥിരത കമല ഹാരിസിന്റെ കാലത്ത് കൂടുതൽ മെച്ചപ്പെടുമെന്ന് അടുത്തിടെ പുറത്തുവന്ന സർവേയിലും വ്യക്തമായിരുന്നു. 76 ശതകോടീശ്വരൻമാരിൽ 28 പേരും കമല ഹാരിസിന് 10 ലക്ഷം ഡോളറോ അതിൽ കുടുതലോ സംഭാവന ചെയ്തിട്ടുണ്ട്.
ന്യൂയോർക്ക് മുൻ മേയർ മൈക്കൽ ബ്ലൂംബർഗ്, ആർഥർ ബ്ലാങ്ക്, റീഡ് ഹോഫ്മാൻ, വിനോദ് ഖോസ്‍ല, ഡസ്റ്റിൻ മോസ്കോവിറ്റ്സ്, ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് എന്നിവരാണ് അവരിൽ ചിലർ. കൂടാതെ 36 ശതകോടീശ്വരർ കമലക്ക് 50,000 ഡോളറിനും ഒരുലക്ഷം ഡോളറിനും ഇടയിൽ സംഭാവന നൽകിയിട്ടുണ്ട്. ടോറി ബർച്ച്, റീഡ് ഹാസ്റ്റിങ്സ്, ക്രിസ് ലാർസൻ, ലോറൻ പവൽ ജോബ്സ് എന്നിവരും അക്കൂട്ടത്തിലുണ്ട്. മെലിന്ദ ഫ്രഞ്ച് ഗേറ്റ്സ്, ജോ ഗെബ്ബിയ തുടങ്ങിയ പ്രമുഖരും കമല ഹാരിസിനെ പിന്തുണക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാർക് ക്യൂബൻ, മാജിക് ജോൺസൻ എന്നിവരെ പോലുള്ളവരും പരസ്യമായി കമല ഹാരിസിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.