അഫ്ഗാന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കൂടുതൽ ലോകരാജ്യങ്ങൾ
text_fieldsയുനൈറ്റഡ് നേഷൻസ്: കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന അഫ്ഗാനിസ്താന് 120 കോടി ഡോളറിെൻറ സാമ്പത്തികസഹായം പ്രഖ്യാപിച്ച് രാജ്യാന്തരസമൂഹം. തിങ്കളാഴ്ച ജനീവയിൽ ചേർന്ന യുനൈറ്റഡ് നേഷൻസ് (യു.എൻ) അംഗരാജ്യങ്ങളുടെ ഉന്നത നേതൃതല യോഗത്തിലാണ് തീരുമാനമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. യുദ്ധക്കെടുതിയിൽ മാനുഷികമായ പ്രതിസന്ധി അനുഭവിക്കുന്ന അഫ്ഗാൻ ജനതക്ക് സാമ്പത്തികസഹായം തുടരേണ്ടതിെൻറ പ്രാധാന്യം അദ്ദേഹം യോഗത്തിൽ അടിവരയിട്ടു. ഭീകരവാദം, മനുഷ്യാവകാശം, താലിബാൻ സർക്കാറിെൻറ ഭരണസ്വഭാവം എന്നിവയിലെ ആശങ്കയും ലോകരാജ്യങ്ങൾ അഭിമുഖീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എൻ ഏജൻസികളും സർക്കാറിതര പങ്കാളികളും യുദ്ധത്തിൽ തകർന്ന രാജ്യത്തെ രണ്ടു കോടി ആളുകൾക്ക് ആശ്വാസം നൽകുന്നതിനായി വർഷത്തിെൻറ ബാക്കി കാലയളവിൽ 60 കോടി ഡോളറിെൻറ ആവശ്യപ്പെട്ടുള്ള സഹായ അഭ്യർഥനയും ആരംഭിച്ചിട്ടുണ്ട്. അതേസമയം, താലിബാൻ സർക്കാറിെൻറ പിന്തുണയില്ലാതെ രാജ്യത്തിനകത്ത് സഹായമെത്തിക്കാൻ കഴിയില്ലെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. താലിബാൻ ഭരണം ഏറ്റെടുത്തെങ്കിലും മാനുഷികമായ പരിഗണന മുൻനിർത്തി അഫ്ഗാനിൽ യു.എൻ സാന്നിധ്യം തുടരാനാണ് തീരുമാനമെന്ന് ഗുട്ടറസ് പറഞ്ഞു.
''പതിറ്റാണ്ടുകൾ നീണ്ട യുദ്ധം അഫ്ഗാൻ ജനതയെ അസ്ഥിരപ്പെടുത്തിയിരിക്കുന്നു. വിലപ്പെട്ട സമയമാണ് ആ ജനതക്ക് യുദ്ധം വഴി നഷ്ടമായത്. താലിബാൻ ഭരണം ഏറ്റെടുത്തശേഷമുണ്ടായ സംഭവങ്ങൾ അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്.
ലോകത്തെ ഏറ്റവും മോശമായ മാനുഷികമായ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാൻ ജനത കടന്നു പോകുന്നത്. മൂന്നിലൊന്ന് ജനങ്ങൾക്ക് തങ്ങളുടെ അടുത്ത ഭക്ഷണം എവിടെനിന്ന് വരുമെന്നുപോലും നിശ്ചയമില്ലാത്ത അവസ്ഥയിലാണ്. ദാരിദ്ര്യനിരക്ക് വർധിക്കുകയാണ്. ഇപ്പോൾ രാജ്യാന്തര സമൂഹം അവർക്കൊപ്പ നിൽക്കേണ്ട സമയമാണ്''- ഗുട്ടറസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം അഫ്ഗാൻ യു.എൻ രണ്ടു കോടി ഡോളറിെൻറ സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതൽ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.