ട്രംപിനെതിരായ ഇംപീച്ച്മെന്‍റിനെ എതിർത്ത് കൂടുതൽ റിപ്പബ്ലിക്കൻ സെനറ്റർമാർ
text_fieldsവാഷിങ്ടൺ: മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ഫെബ്രുവരി എട്ടിന് യു.എസ് ഉപരിസഭയായ സെനറ്റിൽ ആരംഭിക്കുന്ന ഇംപീച്ച്മെന്‍റ് വിചാരണയെ എതിർത്ത് കൂടുതൽ റിപ്പബ്ലിക്കൻ സെനറ്റർമാർ. ജനുവരി ആറിന് കാപിറ്റൽ ഹില്ലിൽ നടന്ന അക്രമ സംഭവങ്ങളെ തുടർന്ന് ട്രംപിനെ പരസ്യമായി വിമർശിച്ച സെനറ്റർ ജോൺ കോന്നൻ (ടെക്സസ്), ലിൻഡ്സി ഗ്രാം (സൗത്ത് കരോലിന) അടക്കമുള്ള സെനറ്റർമാരാണ് എതിർപ്പ് പ്രകടിപ്പിച്ചത്. പ്രസിഡന്‍റ് സ്ഥാനത്തു നിന്നും പുറത്തായ ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നാണ് ഇവർ അഭിപ്രായപ്പെട്ടത്. സമാന നിലപാട് സ്വീകരിക്കുന്ന ഡെമോക്രാറ്റിക് സെനറ്റർമാരും ഉണ്ട്.
റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിൽ എത്തിയാൽ മുൻ ഡെമോക്രാറ്റിക് പ്രസിഡന്‍റുമാരെ ഇംപീച്ച് ചെയ്യേണ്ടി വരുന്ന സാഹചര്യം ഭൂഷണമല്ലെന്നാണ് ടെക്സസിൽ നിന്നുള്ള ജോൺ കോന്നൻ അഭിപ്രായപ്പെട്ടത്. റിപ്പബ്ലിക്കൻ സെനറ്റർമാരിൽ 17 പേരുടെ പിന്തുണ ലഭിച്ചാൽ മാത്രമേ ട്രംപിന്‍റെ കുറ്റവിചാരണ വിജയിക്കുകയുള്ളൂ. എന്നാലത് അസാധ്യമാണെന്ന് സെനറ്റർ മൈക്ക് റൗണ്ട്സ് ചൂണ്ടിക്കാട്ടുന്നു.
ട്രംപിനെ ഇംപീച്ച് ചെയ്യുന്ന പ്രമേയം സെനറ്റിൽ അവതരിപ്പിക്കുന്നത് അനുചിതമാണെന്നും ഇത് ജനങ്ങൾക്കിടയിൽ വിഭാഗീയത വളർത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും ഫ്ലോറിഡ സെനറ്റർ മർക്കൊ റൂമ്പിയൊ അഭിപ്രായപ്പെട്ടു. ടെക്സസിൽ നിന്നുള്ള ടെഡ് ക്രൂസ് വിചാരണയെ എതിർത്തിരുന്നു.
ട്രംപിനെതിരായ കഴിഞ്ഞ ഇംപീച്ച്മെന്‍റ് പ്രമേയത്തെ പിന്തുണച്ചത് സെനറ്റ് അംഗമായ മിറ്റ്റോംനി മാത്രമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.