ഗസ്സയിൽ കൊന്നൊടുക്കിയത് 16,700ലേറെ കുഞ്ഞുങ്ങളെ
text_fieldsഗസ്സ സിറ്റി: ഒരു വർഷത്തിലേറെയായി ഗസ്സയിൽ തുടരുന്ന ക്രൂരമായ ബോംബിങ്ങിലൂടെ അധിനിവേശ സേന കൊന്നൊടുക്കുന്നത് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ. 48 മണിക്കൂറിനിടെ ഗസ്സയിലെ ജബാലിയ അഭയാർഥി ക്യാമ്പിൽ 50ലേറെ കുട്ടികൾ കൊല്ലപ്പെട്ടതായി യു.എൻ സംഘടന യൂനിസെഫ് അറിയിച്ചു. ഗസ്സയിലെ എട്ട് വലിയ അഭയാർഥി ക്യാമ്പുകളിലൊന്നാണ് ജബാലിയ. ഇവിടത്തെ നൂറുകണക്കിന് പേർ താമസിക്കുന്ന രണ്ട് കെട്ടിടങ്ങൾ ബോംബിട്ട് തകർത്തതോടെയാണ് ഇത്രയും കുട്ടികൾക്ക് ജീവൻ നഷ്ടമായത്.
ഗസ്സ ആക്രമണം കുട്ടികൾക്കു നേരെയാണെന്നാണ് ഈ ഉയർന്ന മരണസംഖ്യ കാണിക്കുന്നതെന്ന് സേവ് ദ ചിൽഡ്രൺ ഇന്റർനാഷനൽ സന്നദ്ധ സംഘടനയുടെ ഡയറക്ടറും ഗസ്സ ടീം ലീഡറുമായ റഷേൽ കമ്മിങ്സ് പറഞ്ഞു. കുട്ടികൾ നിരന്തരം ബോംബാക്രമണത്തിന് വിധേയരാകുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിന് ശേഷം ഇസ്രായേൽ ആക്രമണത്തിൽ 16,700ലേറെ കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഫലസ്തീൻ അധികൃതരുടെ കണക്ക്. ഇത് മൊത്തം മരണസംഖ്യയുടെ മൂന്നിലൊന്നിൽ കൂടുതൽ വരും. കാണാതാകുകയോ രക്ഷിതാക്കളെ നഷ്ടപ്പെടുകയോ ചെയ്ത കുട്ടികളുടെ എണ്ണം 20,000ത്തിലേറെയാണ്.
ഉത്തര ഗസ്സയിൽ ഒരു മാസമായി തുടരുന്ന കനത്ത ബോംബിങ്ങിൽ 1000ത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇവിടേക്കുള്ള ഭക്ഷണവും മരുന്നും ഇസ്രായേൽ തടയുകയും ചെയ്തിരിക്കുകയാണ്. മേഖല വൻ ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്ന് റഷേൽ കമ്മിങ്സ് കൂട്ടിച്ചേർത്തു.
ഉത്തര ഗസ്സയിൽ പ്രവർത്തിക്കുന്ന ഏക ആശുപത്രിയായ കമാൽ അദ്വാൻ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ഡോ. ഹുസാം അബു സഫിയ പറഞ്ഞു. ഇസ്രായേൽ ബോംബാക്രമണം അടിയന്തരമായി നിർത്തിയില്ലെങ്കിൽ ഉത്തര ഗസ്സയിലെ മുഴുവൻ ജനങ്ങളും പട്ടിണിയും രോഗങ്ങളും ബാധിച്ച് മരിച്ചുപോകുമെന്ന് യുനിസെഫ് മേധാവി കാതറിൻ റസ്സൽ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.