20 ലക്ഷം കടന്ന് അഭയാർഥികൾ
text_fieldsകിയവ്: റഷ്യൻ അധിനിവേശം ജീവൻ നരകതുല്യമാക്കിയ യുക്രെയ്നിൽനിന്ന് ജീവൻ രക്ഷിക്കാൻ അയൽരാജ്യങ്ങളിലേക്ക് കടന്നവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടതായി യു.എൻ. രണ്ടാം ലോക യുദ്ധത്തിനു ശേഷം യൂറോപ് കണ്ട ഏറ്റവും വലിയ അഭയാർഥി പ്രവാഹം അടുത്തിടെ കൂടുതൽ ശക്തമായിട്ടുണ്ട്. വരുംനാളുകളിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന് യു.എൻ അഭയാർഥി ഏജൻസി മേധാവി ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു.
ഫെബ്രുവരി 24ന് അധിനിവേശം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ മന്ദഗതിയിലായിരുന്ന പലായനം രണ്ടാം തരംഗത്തിലെത്തിയതോടെ അതിവേഗത്തിലാണ്. ലക്ഷങ്ങൾ ഓരോ ദിനവും അയൽ രാജ്യങ്ങളിലേക്ക് കടക്കുകയാണ്. സുമി, മരിയുപോൾ നഗരങ്ങളിൽ പുതുതായി മനുഷ്യ ഇടനാഴി തുറന്നത് അഭയാർഥികളുടെ ഒഴുക്കിന് വേഗം കൂട്ടുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. ഏറ്റവും കൂടുതൽ പേർ അഭയം തേടിയത് പോളണ്ടിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു-
12 ലക്ഷം പേർ. ഹംഗറിയിൽ രണ്ടു ലക്ഷത്തോളം പേർ എത്തിയപ്പോൾ സ്ലൊവാക്യയിൽ ഒന്നര ലക്ഷം ആളുകൾ അഭയം പ്രാപിച്ചു. റഷ്യൻ ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ള യുക്രെയ്നിലെ കിഴക്കൻ മേഖലകളിൽനിന്ന് റഷ്യയിലേക്ക് ഒരു ലക്ഷം പേരും അതിർത്തി കടന്നിട്ടുണ്ട്. മൾഡോവ, റുമേനിയ, ബെലറൂസ് തുടങ്ങി മറ്റു രാജ്യങ്ങളിലേക്ക് രണ്ടു ലക്ഷത്തിലേറെ പേരും എത്തി. യുക്രെയ്ൻ അഭയാർഥികളെ സ്വീകരിക്കാമെന്ന് ജപ്പാൻ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.