സുഡാനിലെ ഏറ്റുമുട്ടലിൽ 200ലധികം ആളുകൾ കൊല്ലപ്പെട്ടു, സംഘർഷങ്ങളിൽ അമ്പരന്ന് യു.എൻ
text_fieldsഖാർത്തൂം: സുഡാനിലെ ഡാർഫൂർ മേഖലയിൽ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 200ലധികം ആളുകൾ കൊല്ലപ്പെട്ടു. വെസ്റ്റ് ഡാർഫൂർ തലസ്ഥാനമായ എൽ ജെനീനയിലും പരിസരത്തും വെള്ളിയാഴ്ച മുതൽ മസാലിറ്റ് സമുദായ അംഗങ്ങളും അറബ് വിഭാഗക്കാരും തമ്മിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, വിവിധ മാർക്കറ്റുകൾ എന്നിവ ആക്രമിക്കപ്പെട്ടതായി യു.എൻ അറിയിച്ചു.
വെസ്റ്റ് ഡാർഫൂർ ഗവർണർ ഖമീസ് അബ്കറിന്‍റെ കണക്കനുസരിച്ച് മൂന്ന് ദിവസത്തെ ആക്രമത്തിൽ 213 പേരാണ് കൊല്ലപ്പെട്ടത്. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് 1,100 കിലോമീറ്റർ പടിഞ്ഞാറ് 500,000-ത്തോളം ആളുകൾ താമസിക്കുന്ന ക്രിങ്കിലാണ് ഏറ്റുമുട്ടലിന്‍റെ കേന്ദ്രം. കഴിഞ്ഞ ഞായറാഴ്ച മാത്രം 201 പേർ കൊല്ലപ്പെടുകയും 103 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സുഡാനിൽ വർധിച്ച് വരുന്ന സംഘർഷങ്ങളിൽ താൻ പരിഭ്രാന്തനാണെന്ന് യു.എൻ മനുഷ്യാവകാശ മേധാവി മിഷേൽ ബാഷെലെറ്റ് പറഞ്ഞു. ആക്രമണങ്ങളിൽ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും മിഷേൽ ആവശ്യപ്പെട്ടു.
ആറ് മാസം മുമ്പ് കരസേനാ മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെ നേതൃത്വത്തിലുള്ള സൈനിക അട്ടിമറിയിൽ വീഴ്ച സംഭവിച്ചതോടെയാണ് സുഡാനിൽ ഏറ്റുമുട്ടൽ രൂക്ഷമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.