മ്യാന്മറിൽ വീണ്ടും പട്ടാള അതിക്രമം; 90ലേറെ പേർ കൊല്ലപ്പെട്ടു
text_fieldsയാംഗോൻ: മ്യാന്മറിൽ ഫെബ്രുവരി ഒന്നിലെ അട്ടിമറിക്ക് ശേഷം പ്രതിഷേധക്കാർക്കെതിരെ നടന്ന ഏറ്റവും വലിയ പട്ടാള അതിക്രമങ്ങളിൽ തൊണ്ണൂറിലേറെ പേർ കൊല്ലപ്പെട്ടു. സായുധ സേന ദിനമായിരുന്ന ശനിയാഴ്ച പട്ടാളഭരണത്തിനെതിരെ പ്രതിരോധ ദിനം ആചരിച്ച് മുന്നോട്ടുവന്ന രാഷ്ട്രീയ പ്രവർത്തകരും കുട്ടികളും സ്ത്രീകളും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സൈന്യത്തിെൻറ വെടിയേറ്റ് മരിച്ചു വീണതായാണ് റിപ്പോർട്ട്.
24 നഗരങ്ങളിലായി 93 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി സുരക്ഷാകാരണങ്ങളാൽ പേരുവെളിപ്പെടുത്താത്ത സ്വതന്ത്ര ഗവേഷകനെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. മ്യാന്മർ നൗ വാർത്ത വെബ്സൈറ്റ് പ്രകാരം മരണസംഖ്യ 91ആണ്.
മാർച്ച് 14ന് 74നും 90നും ഇടയിൽ ആളുകൾ കൊല്ലപ്പെട്ടതാണ് ഇതിനു മുമ്പുള്ള വലിയ മരണനിരക്ക്. സായുധ സേനാ ദിനത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിൽ തീവ്രവാദം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അംഗീകരിക്കാനാവില്ലെന്നും രാജ്യത്തിെൻറ സൈനിക മേധാവി കമാൻഡർ ഇൻ ചീഫ് സീനിയർ ജനറൽ മിൻ ആങ് ലെയ്ങ് വ്യക്തമാക്കിയിരുന്നു.
മുൻ സംഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് പ്രക്ഷോഭകർ പിന്തിരിയണമെന്നും തലയിലോ പുറത്തോ വെടിവെക്കുമെന്നും ദേശീയ ടെലിവിഷനായ എം.ആർ.ടി.വിയിലൂടെ മുന്നറിയിപ്പുമുണ്ടായി. ശനിയാഴ്ച കൊല്ലപ്പെട്ടതിൽ ഏറെപേർക്കുംതലയിലാണ് വെടിയേറ്റിരിക്കുന്നത്. അതിക്രമത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതിഷേധമുയർന്നു.
76ാം സായുധസേനാ ദിനം രാജ്യചരിത്രത്തിലെ ഭീകരതയുടെയും അവകാശലംഘനങ്ങളുടെയും ദിനമായി നിലനിൽക്കുമെന്ന് മ്യാന്മറിലെ യൂറോപ്യൻ യൂനിയൻ പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. മ്യാന്മർ സേനക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.