പരിശ്രമങ്ങൾ വിഫലം; മൊറോക്കോയിൽ കിണറ്റിൽ കുടുങ്ങിയ അഞ്ചുവയസുകാരൻ മരിച്ചു
text_fieldsറാബത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ നാലു ദിവസമായി കിണറ്റിൽ കുടുങ്ങിയ അഞ്ചുവയസുകാരൻ മരിച്ചു. ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ശനിയാഴ്ച രാത്രി റയാനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.
നൂറടി താഴ്ചയുള്ള കിണറ്റിൽനിന്ന് അഞ്ചുവയസുകാരൻ റയാനെ പുറത്തെടുക്കുന്നതായി നടത്തിയ രക്ഷാപ്രവർത്തനം ലോകശ്രദ്ധ നേടിയിരുന്നു. റയാന്റെ മരണത്തിൽ മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമൻ അനുശോചനം രേഖപ്പെടുത്തി. കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു.
ചൊവ്വാഴ്ച വൈകിട്ടാണ് വടക്കൻ മൊറോക്കോയിലെ 104 അടി താഴ്ചയുള്ള കിണറ്റിൽ റയാൻ എന്ന അഞ്ച് വയസുകാരൻ കുടുങ്ങിയത്. കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു രക്ഷാപ്രവർത്തകർ.
ചെഫ്‌ചൗവൻ നഗരത്തിൽ നിന്ന് 125 മൈൽ അകലെയുള്ള ചെറിയ ഗ്രാമമായ ഇഘ്രാനെയിലെ വീടിനടുത്തുള്ള കിണറ്റിലാണ് റയാൻ കുടുങ്ങിയത്. വിവരമറിഞ്ഞയുടൻ സംഭവ സ്ഥലത്തെത്തിയ റെസ്ക്യൂ ടീം കിണറിന് ചുറ്റുമുള്ള ചുവന്ന മണ്ണ് ആഴത്തിൽ കുഴിച്ചെടുത്ത് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് സമാന്തര കിണർ കുഴിച്ചായിരുന്നു രക്ഷാപ്രവർത്തനം. രക്ഷാപ്രവർത്തനത്തിനിടയിൽ മണ്ണിടിച്ചിലുണ്ടാകുമോ എന്ന ആശങ്കയും അധികൃതർ പങ്കുവെച്ചിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ നൂറുകണക്കിന് ഗ്രാമവാസികൾ പങ്കാളികളായിരുന്നു. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരെയും കുടുംബത്തിന് പിന്തുണയുമായി എത്തിയവരെയും രാജാവ് അഭിനന്ദിച്ചു.
കുട്ടിക്ക് ഓക്‌സിജനും വെള്ളവും നൽകാനുള്ള മാർഗങ്ങൾ സ്വീകരിച്ചിരുന്നു. കുട്ടിയെ നിരീക്ഷിക്കാൻ കാമറ സംവിധാനങ്ങളും ഉപയോഗിച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ റയാനെ ഉടൻ പുറത്തെത്തിക്കണമെന്ന ആവശ്യവുമായി ലോകമെമ്പാടുമുള്ള നിരവധിപേർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. സേവ് റയാൻ എന്ന ഹാഷ് ടാഗോട് കൂടിയാണ് ആളുകൾ പ്രതികരണവുമായെത്തിയത്.
മൊറോക്കോയിലെ റിഫ് പർവതനിരകളിലെ വരണ്ട പ്രദേശങ്ങളിൽ കൃഷി ആവശ്യത്തിനാണ് വലിയ കിണറുകൾ കുഴിക്കുന്നത്. വളരെ ആഴമേറിയ കിണറുകളാണ് ഇവ. അഞ്ഞൂറോളം പേർ ഇൗ ഗ്രാമത്തിൽ താമസിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.