മൊറോക്കോ ഭൂചലനം: മരണസംഖ്യ 2100 കടന്നു; സഹായത്തിനായി കൈനീട്ടി ദുരന്തബാധിതർ
text_fieldsമറാകിഷ്: മൊറോക്കോയിലെ ചരിത്രനഗരമായ മറാകിഷിൽ വെള്ളിയാഴ്ച വൈകീട്ടുണ്ടായ ഭൂചലനത്തിൽ മരണം 2100 കടന്നു. 2,421 പേർക്ക് പരിക്കേറ്റതായാണ് പുതിയ വിവരം.
ഭക്ഷണത്തിനും കുടിവെള്ളത്തിനും മറ്റുമായി ദുരന്തബാധിതർ ഏറെ പ്രയാസപ്പെടുകയാണ്. മറ്റു രാജ്യങ്ങളിൽനിന്നുള്ള സഹായവാഗ്ദാനങ്ങൾ സ്വീകരിക്കുമെന്ന് മൊറോക്കോ ഭരണകൂടം അറിയിച്ചതായി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. നഗര പുനർനിർമാണത്തിന് വർഷങ്ങളെടുക്കുമെന്ന് റെഡ് ക്രോസ് അറിയിച്ചു.
പരിക്കേറ്റവരിൽ 1400ഓളം പേരുടെ നില ഗുരുതരമാണ്. തുടർ ചലനമുണ്ടാകുമെന്ന ആശങ്ക മൂലം തുടർച്ചയായ മൂന്നാംദിനവും കുടുംബങ്ങൾ വീടിന് പുറത്താണ് അന്തിയുറങ്ങിയത്. ഇടുങ്ങിയ തെരുവുകളിൽ ചിതറിക്കിടക്കുന്ന തകർന്ന കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിലൂടെ ദുരന്തസ്ഥലത്ത് എത്താൻ തന്നെ പ്രയാസമാണ്. പർവത ഗ്രാമങ്ങൾ തമ്മിൽ വലിയ ദൂരമുള്ളതും രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 11.11നാണ് റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇത് നിരവധി സെക്കൻഡുകൾ നീണ്ടു. 19 മിനിറ്റിനുശേഷം 4.9 രേഖപ്പെടുത്തിയ തുടർചലനവുമുണ്ടായി. അൽഹോസ് പ്രവിശ്യയിലെ ഇഗിൽ പട്ടണത്തിനടുത്താണ് പ്രഭവകേന്ദ്രം. ഇത് മറാകിഷിന് 70 കിലോമീറ്റർ തെക്കാണ് സ്ഥിതി ചെയ്യുന്നത്. മധ്യകാല പള്ളികൾ, കൊട്ടാരങ്ങൾ, പുരാതന സെമിനാരികൾ തുടങ്ങി നിരവധി ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളും രാജഭരണ കാലത്ത് നിർമിക്കപ്പെട്ട സുരക്ഷമതിലുകളും ഭൂചലനത്തിൽ തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.