മൊറോക്കോ ഭൂചലനം: രക്ഷാപ്രവർത്തനം ദുഷ്കരം
text_fieldsമറാകിഷ്: ഭൂചലനം തകർത്തുകളഞ്ഞ മൊറോക്കോയിലെ പൈതൃക നഗരത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരം. ഇടുങ്ങിയ വഴികളിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾ കൂടിക്കിടക്കുന്നതിനാൽ ഉൾഭാഗത്തേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല. സൈന്യവും രക്ഷാപ്രവർത്തകരും രാപ്പകൽ കഠിനമായി പരിശ്രമിക്കുന്നുണ്ട്. യൂറോപ്യൻ യൂനിയനും ആഫ്രിക്കൻ യൂനിയനും റെഡ് ക്രോസും റെഡ് ക്രസന്റ് സൊസൈറ്റികളും സഹായത്തിന് തയാറായിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽനിന്ന് രക്ഷാപ്രവർത്തകർ എത്തിത്തുടങ്ങി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ പരിശോധന തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ സഹായപ്രവാഹം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഭൂകമ്പത്തിൽ മരിച്ചവരിൽ വിവിധ രാജ്യക്കാരുണ്ട്. പൈതൃക നഗരമായതിനാൽ വിദേശ വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന മേഖലയാണ് മറാകിഷ്.
തകർന്ന നഗരം പുനഃസ്ഥാപിക്കാൻ വർഷങ്ങൾ എടുക്കുമെന്ന് റെഡ് ക്രോസും യുനെസ്കോയും അറിയിച്ചു. പൈതൃക കെട്ടിടങ്ങളും ചരിത്ര പ്രാധാന്യമുള്ള മതിലുകളും തകർന്നിട്ടുണ്ട്. ഇവ പുനഃസ്ഥാപിക്കുക എളുപ്പമല്ല. ഭൂകമ്പത്തെ പ്രതിരോധിക്കാൻ ശേഷിയില്ലാത്ത, നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നതിൽ അധികവും. ജനങ്ങൾ ആകെ ഭയന്നിരിക്കുകയാണ്. തുടർ ചലനം ഭയന്ന് ആളുകൾ കെട്ടിടങ്ങൾക്ക് പുറത്താണ് രാവും പകലും കഴിച്ചുകൂട്ടുന്നത്. പരിക്കേറ്റവരെ ബന്ധുക്കൾ മറ്റു ഭാഗങ്ങളിലേക്ക് മാറ്റുന്നുണ്ട്. ജല സ്രോതസ്സുകൾ നശിച്ചത് മൂലം കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോർട്ടുണ്ട്. 2000ത്തിലേറെ ആളുകൾ മരിച്ച ഭൂചലനത്തിലെ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് പൂർത്തിയാകാൻ ദിവസങ്ങളെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.