Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകവിതയേ അല്ലിത്;...

കവിതയേ അല്ലിത്; ഗസ്സയിലെ ജീവിതമാണ്

text_fields
bookmark_border
കവിതയേ അല്ലിത്; ഗസ്സയിലെ ജീവിതമാണ്
cancel
camera_alt

ബെത്ലഹിയയിലെ തകർന്നടിഞ്ഞ വീടിനു മുന്നിൽ മൊസാബ് അബു തോഹ



ന്യൂയോർക്ക്: ഗസ്സയിൽ നിന്നായിരിക്കുക എന്നതി​ന്‍റെ അർത്ഥം ജീവ നഷ്ടത്തി​ന്‍റെയും സ്നേഹ നഷ്ടത്തി​ന്‍റെയും കഥകൾ പകർത്തുന്ന കവിയായിരിക്കുക എന്നതുകൂടിയാണ്. ഫലസ്തീനിയൻ കവി മൊസാബ് അബു ത്വാഹയുടെ ഏറ്റവും പുതിയ പുസ്തകമായ ‘ഫോറസ്റ്റ് ഓഫ് നോയ്‌സി’നെ ആസ്പദമാക്കി സി.എൻ.എൻ നടത്തിയ അഭിമുഖത്തിലൂടെ കടന്നുപോവുമ്പോൾ ആ വിശേഷണം അക്ഷരംപ്രതി ശരിയാവുന്നു.

അദ്ദേഹത്തി​ന്‍റെ ആദ്യ കവിതാ പുസ്‌തകമായ ‘തിങ്സ് യു മൈ ഫൈൻഡ് ഹിഡൻ ഇൻ മൈ ഇയർ” (2022) ഫലസ്തീൻ ബുക്ക് അവാർഡും അമേരിക്കൻ ബുക്ക് അവാർഡും നേടിയിരുന്നു. രണ്ടാം സമാഹാരമായ ‘ഫോറസ്റ്റ് ഓഫ് നോയ്‌സി’ലെ പകുതി കവിതകളും ഒക്ടോബർ ഏഴിന് മുമ്പ് എഴുതിയതാണ്. യുദ്ധത്തിന് വളരെ മുമ്പേ ഇസ്രായേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് കീഴിൽ ഗസ്സയിലെ ജനങ്ങൾ അനുഭവിച്ച കഷ്ട നഷ്ടങ്ങളിലേക്ക് നീളുന്ന സാക്ഷ്യങ്ങളാണവ.

അബു ത്വാഹയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തി​ന്‍റെ ഏറ്റവും പുതിയ സൃഷ്ടിയുടെ പ്രസക്തി സ്വന്തം എഴുത്ത് എന്ന നിലയിലല്ല. ‘ഞാൻ ഒരു പുസ്തകം എഴുതിയതല്ല പ്രധാനം. അതിലെ ആളുകളുടെ ജീവിതമാണ്’ എന്നദ്ദേഹം പറയുന്നു. ന്യൂയോർക്കിലെ ത​ന്‍റെ പുതിയ വീട്ടിലിരുന്ന് കവിത ചൊല്ലുമ്പോൾ മൊസാബ് അബു ത്വാഹയുടെ ശബ്ദം മൃദുവും ശ്രുതിമധുരവുമാണ്. പക്ഷെ, ഫലസ്തീനിയൻ കവി ത​ന്‍റെ എഴുത്തിന് പ്രചോദനമായ ആളുകളെയും നിമിഷങ്ങളെയും വിവരിക്കുമ്പോൾ അത് വികാരഭരിതമായി മാറുന്നു. ‘ഞങ്ങൾ ബാഹ്യമായി മാത്രം ശ്വസിക്കുന്നു. പക്ഷേ ഉള്ളിൽ അങ്ങനെയല്ല. ഞങ്ങളു​ടെ കണ്ണുകൾ മനോഹരമായി ഒന്നും കാണുന്നില്ല... ഞങ്ങൾ പഴയതുപോലെ സൂര്യാസ്തമയം കാണുന്നില്ല. കടൽ കാണുന്നില്ല’. ശാരീരികമായി അതിജീവിച്ചിട്ടും യഥാർഥ ലോകത്തിൽ ജീവിക്കാനുള്ള ആത്മാവ് എങ്ങനെ തകർന്നുവെന്ന് അബൂ ത്വാഹ വിവരിക്കുന്നു.

2023 ഒക്ടോബർ 28ന് അബൂ തോഹയുടെ കുടുംബവീട്ടിൽ 20ലധികം ബന്ധുക്കൾ ഒത്തുകൂടി. ഇസ്രായേൽ ബോംബെറിഞ്ഞു തകർക്കുന്നതി​ന്‍റെ രണ്ട് ദിവസം മുമ്പ് വീട് അവർ ഒഴിഞ്ഞതിനാൽ ജീവൻ മാത്രം തിരിച്ചുകിട്ടി. ഇസ്രായേൽ സൈനിക നടപടികളുടെ തുലാസിൽ തൂങ്ങിക്കിടക്കുന്ന ജീവിതം ഏത് നിമിഷവും തങ്ങളുടെ അവസാനമായിരിക്കാമെന്ന ഗസ്സയിലെ ഫലസ്തീനികളുടെ നിരന്തരമായ ഭയമാണ് അദ്ദേഹത്തി​ന്‍റെ വാക്കുകൾ പ്രതിഫലിപ്പിക്കുന്നത്.

അധ്യാപകനായും ലൈബ്രേറിയനായും ജോലി ചെയ്തിരുന്ന ജന്മനാട്ടിൽനിന്ന് കുടിയിറക്കപ്പെട്ട അദ്ദേഹം അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചതി​ന്‍റെ പാടുകൾ ഉള്ളിൽ വഹിക്കുന്നു. ഇസ്രായേൽ വംശഹത്യയുടെ നാശവും നിരാശയും ബാധിച്ച് നിരവധി തവണ താമസം മാറിയതിനുശേഷം കഴിഞ്ഞ വർഷം അവസാനം അബൂ തോഹ ത​ന്‍റെ കുടുംബത്തോടൊപ്പം ഗസ്സയിൽനിന്ന് പലായനം ചെയ്തു. സിറാക്കൂസ് യൂനിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നതിനിടെ അദ്ദേഹത്തി​ന്‍റെ കുട്ടികളിൽ ഒരാൾ അമേരിക്കയിൽ ജനിച്ചതിനാലും യു.എസ് പൗരത്വമുള്ളതിനാലും പുറത്തുകടക്കാൻ കഴിഞ്ഞു.

ഗസ്സയിൽനിന്നുള്ള യാത്ര ദീർഘവും വേദനാജനകവുമായിരുന്നു. എന്നിട്ടും അരാജകത്വത്തിനും നാശത്തിനും ഇടയിലും അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു. ഇപ്പോൾ, ഇംഗ്ലീഷിൽ എഴുതിയ ‘ഫോറസ്റ്റ് ഓഫ് നോയ്‌സ്’ എന്ന ത​ന്‍റെ രണ്ടാമത്തെ കവിതാ പുസ്തകം അദ്ദേഹം പുറത്തിറക്കുന്നു. ഭാഗികമായി, ഈ പുസ്തകം കഷ്ടപ്പാടുകളുടെ ഒരു സമാഹാരമാണ്. എന്നാൽ ഇത് അതിജീവനത്തെക്കുറിച്ചുകൂടിയുള്ളതാണെന്ന് സി.എൻ.എ​ന്‍റെ ബെക്കി ആൻഡേഴ്സനുമായുള്ള അഭിമുഖത്തിൽ പറയുന്നു.

‘തെരുവിലെ ഓരോ ചെറിയ ദ്വാരവും ശബ്ദത്തി​ന്‍റെ ഒരു വനമാണ്. വ്യോമാക്രമണങ്ങളും റോക്കറ്റുകളും ആംബുലൻസുകളുടെ സൈറണുകളും ഓർമയിലെ സ്ഥിര സാന്നിധ്യമാണ്. ഡ്രോണുകളുടെ മുഴക്കം കേൾക്കാതെ ഒരു ദിവസം ജീവിച്ചതായി ഞാൻ ഓർക്കുന്നില്ല’. വേദനാജനകമാണെങ്കിലും എഴുത്ത് അദ്ദേഹത്തിന് അവശ്യ സ്മരണയാണ്. കവിത എഴുതുന്നതും ആ കവിതകൾ മറ്റുള്ളവർക്ക് വായിച്ചുകൊടുക്കുന്നതും തന്നെ സംബന്ധിച്ചിടത്തോളം വിനാശകരമാണെന്നദ്ദേഹം സമ്മതിക്കുന്നു. ലോകം കേൾക്കാൻ തയ്യാറല്ലെന്ന് തോന്നിയാലും നാടി​ന്‍റെ കഥകൾ പങ്കുവെക്കുക എന്നത് അത്യന്താപേക്ഷിതമാണ്. ഈ വരികൾ ആരുടെയെങ്കിലും ഹൃദയത്തെ സ്പർശിക്കുന്നുവെങ്കിൽ ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ എ​ന്‍റെ ജോലി ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു.

അബു ത്വാഹയുടെ ഏറ്റവും പുതിയ പുസ്തകം അതിജീവനത്തെക്കുറിച്ചുള്ള ആശയത്തെ ചുറ്റിപ്പറ്റിയാണ്. അതിജീവിച്ചയാളെന്ന നിലയിൽ സ്വന്തം അസ്തിത്വത്തെക്കുറിച്ച് പ്രതിഫലിപ്പിക്കുമ്പോൾ മരിച്ചവരുടെ കഥകൾ സംരക്ഷിക്കേണ്ടതി​ന്‍റെ അടിയന്തരതയിലേക്ക് അത് കടന്നുചെല്ലുന്നു. ‘അവരുടെ വിധി എ​ന്‍റെ വിധി തന്നെയാണെന്ന് എനിക്കറിയാം. 2009ൽ എനിക്ക് 16 വയസ്സുള്ളപ്പോൾ ഒരു വ്യോമാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. ബൈത്ത് ലാഹിയയിലെ എ​ന്‍റെ വീട് തകർത്ത ആ വ്യോമാക്രമണത്തിൽ ഞാൻ കൊല്ലപ്പെടുമായിരുന്നു. എ​ന്‍റെ എഴുത്ത് ഓർമയിലേക്കുള്ള ഒരു മാർഗമല്ല, മറിച്ച് പ്രവർത്തനത്തിലേക്കുള്ള ഒരു ആഹ്വാനമാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെയും അതിജീവനത്തിനായി പോരാടുന്ന ഗർഭിണികളുടെയും അനാഥരായ കുട്ടികളുടെയും കണക്കുകൾ അധികാരത്തിലുള്ളവരിൽ എത്തണം.

ഗസ്സയിൽ നടക്കുന്ന ഭീകരതകൾ ത​ന്‍റെ കുട്ടികളോട് വിശദീകരിക്കാനാവാതെ അദ്ദേഹം കുഴയുന്നു. ‘അവർ മനസ്സിലാക്കിയാലും അത് അവരെ സഹായിക്കില്ല. ലോകം ഇത് മനസ്സിലാക്കുകയും അതിനെക്കുറിച്ച് പ്രായോഗികമായി എന്തെങ്കിലും ചെയ്യുകയും ചെയ്യുക എന്നതാണ് അതിലും പ്രധാനം’. ഗസ്സയിൽ ഇസ്രായേൽ ഉപയോഗിക്കുന്ന ബോംബുകളുടെ പുകയായി മേഘങ്ങളെ ത​ന്‍റെ കുട്ടി ഇവിടെ തെറ്റിദ്ധരിച്ച ഒരു സന്ദർഭം അദ്ദേഹം പങ്കുവെച്ചു. അബു ത്വാഹയും കുടുംബവും യു.എസിൽ അഭയം കണ്ടെത്തിയെങ്കിലും അമേരിക്കയുടെ ഫലസ്തീൻ നയത്തിൽ അദ്ദേഹത്തി​ന്‍റെ നിരാശ പ്രകടമാണ്. ഇസ്രായേലിനെ ആയുധമാക്കുന്നത് തുടരുന്ന അന്താരാഷ്ട്ര സമൂഹത്തോടും അബു തോഹ നിരാശ പ്രകടിപ്പിച്ചു. കുട്ടികളെ കൂടുതലായി ബാധിക്കുന്ന ഗസ്സയിലെ കൂട്ടക്കൊല തടയാൻ അവർക്ക് എന്തുകൊണ്ട് കഴിയുന്നില്ല എന്നും അദ്ദേഹം ചോദിക്കുന്നു. വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരപുത്രി 7വയസ്സുള്ള സമയുടെ ഫോട്ടോയും അ​ദ്ദേഹം പങ്കിട്ടു.

അബു ത്വാഹയുടെ മാതാപിതാക്കളും സഹോദരങ്ങളും ഇപ്പോഴും ഗസ്സയിലാണ്. സഹോദരിമാരിൽ ഒരാൾ ഗർഭിണിയാണ്. ‘എ​ന്‍റെ കുടുംബത്തിലെ 31 പേരെ നഷ്ടപ്പെട്ടു. അവശേഷിക്കുന്നവർ ഇപ്പോഴും മാരകമായ അപകടത്തിലാണ്. ഗസ്സയുടെ വടക്കൻ ഭാഗത്ത് ഇസ്രായേൽ ഉപരോധം പുതുക്കിയതിനാൽ വീണ്ടും സ്ഥലം മാറാൻ അവർ നിർബന്ധിതരായി. എ​ന്‍റെ അടുത്ത കുടുംബത്തിൽ ആരെയെങ്കിലും ഇനി നഷ്ടപ്പെട്ടാൽ, എനിക്ക് അവരോട് വിടപറയാൻ പോലും കഴിയില്ല. ഗസ്സയിൽ നിന്നുള്ളവർ ആയിരിക്കുന്ന എന്നതി​ന്‍റെ അർത്ഥം ഇതുകൂടിയാണ്’ -കണ്ഠമിടറിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestinian poetGaza WarMosab Abu TohaIsrael-Palestine conflictSymbol of Loss and Survival
News Summary - Mosab Abu Toha, A Palestinian Poet as a Symbol of Loss and Survival
Next Story