മോസ്കോ ഭീകരാക്രമണത്തിൽ മരണസംഖ്യ 133 ആയി; 100 പേർക്ക് പരിക്ക്
text_fieldsമോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 133 ആയി ഉയർന്നു. 100 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമാണ്.
വെള്ളിയാഴ്ച മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് ആയുധധാരികൾ ആക്രമണം നടത്തിയത്. വലിയ ഹാളിൽ സംഗീത പരിപാടിക്കിടെ ആയുധധാരികൾ ആൾകൂട്ടത്തിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഹാളിൽ നിരവധി സ്ഫോടനങ്ങളും ഭീകരർ നടത്തി.
6,200ഓളം പേരാണ് ഹാളിലുണ്ടായിരുന്നത്. ആയുധധാരികൾ ഹാളിൽ പ്രവേശിക്കുന്നതിന്റെയും വെടിയുതിർക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് ഭീകരസംഘടന ഐ.എസ്. ഏറ്റെടുത്തു.
വെടിവെപ്പ് നടത്തിയ നാലു പേരടക്കം 11 പേരെ അറസ്റ്റ് ചെയ്തെന്ന് റഷ്യൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ ഭീകരാക്രമണവുമായി ബന്ധമുള്ളവരിൽ ചിലർ റഷ്യ - യുക്രെയ്ൻ അതിർത്തിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
പ്രതികൾക്ക് യുക്രെയ്നുമായി ബന്ധമുണ്ടെന്ന് റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവിസ്‍ വ്യക്തമാക്കി. രണ്ട് പ്രതികളെ യുക്രെയ്നിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാറിൽ പിന്തുടർന്നാണ് പിടികൂടിയതെന്ന് റഷ്യ അവകാശപ്പെടുന്നു. സംഭവം അന്വേഷിക്കുകയാണെന്നും യുക്രെയ്ന്റെ പങ്ക് വ്യക്തമായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി.
അതേസമയം, ഭീകരാക്രമണത്തിൽ തയുക്രെയ്ന് പങ്കില്ലെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ഉപദേഷ്ടാവ് മൈക്കലോ പൊഡോല്യാക് വ്യക്തമാക്കി. ഭീകരാക്രമണം റഷ്യ -യുക്രെയ്ൻ യുദ്ധത്തിന്റെ വ്യാപ്തി വർധിപ്പിക്കുമോ എന്ന ആശങ്ക വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.