മോസ്കോ ഭീകരാക്രമണം: മരണസംഖ്യ 115 ആയി; 11 പേർ പിടിയിൽ
text_fieldsമോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 115 ആയി ഉയർന്നു. വെടിവെപ്പ് നടത്തിയ നാലു പേരടക്കം 11 പേർ അറസ്റ്റിലായതായി റഷ്യൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നാലെ ഭീകരാക്രമണവുമായി ബന്ധമുള്ളവരിൽ ചിലർ റഷ്യ - യുക്രെയ്ൻ അതിർത്തിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
വെള്ളിയാഴ്ച മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് ആയുധധാരികൾ ആക്രമണം നടത്തിയത്. വലിയ ഹാളിൽ സംഗീതപരിപാടിക്കിടെ ആയുധധാരികൾ ആൾകൂട്ടത്തിനുനേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഹാളിൽ നിരവധി സ്ഫോടനങ്ങളും ഭീകരർ നടത്തി.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് ഭീകരസംഘടന ഐ.എസ് ഏറ്റെടുത്തു.
6,200 ഓളം പേരാണ് ഹാളിലുണ്ടായിരുന്നത്. ആയുധധാരികൾ ഹാളിൽ പ്രവേശിക്കുന്നതിന്റെയും വെടിയുതിർക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ഭീകരാക്രണത്തെ ശക്തിയായി അപലപിച്ചു. സംഭവം അപലപിച്ചും പിന്തുണ പ്രഖ്യാപിച്ചും ലോകനേതാക്കളെല്ലാം രംഗത്തെത്തിയിട്ടുണ്ട്.
ആളുകൾ വലിയ രീതിയിൽ ഒത്തുകൂടുന്ന ഇടങ്ങളിൽ അടുത്ത 48 മണിക്കൂറിൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് റഷ്യയിലെ യു.എസ് എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.