ലോകത്ത് ഏറ്റവും അഴിമതിയുള്ള രാജ്യങ്ങൾ ഇവയാണ്..ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴോട്ട്
text_fieldsഅഴിമതി ഒരു ആഗോള പ്രശ്നമായി തുടരുന്നതിനിടയിൽ, ലോകത്തെ ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി ബെർലിൻ ആസ്ഥാനമായുള്ള ട്രാൻസ്പരൻസി ഇന്റർനാഷനൽ. 2024 ലെ കറപ്ഷൻ പെർസെപ്ഷൻ ഇൻഡക്സ് റാങ്കിങ് ആണ് പുറത്തിറക്കിയിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം ഏറ്റവും കുറവ് അഴിമതിയുളള രാജ്യം ഡെന്മാർക്കാണ്. ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യം ദക്ഷിണ സുഡാനും. ലോകമെമ്പാടുമുള്ള 180 രാജ്യങ്ങളുടെ പൊതുമേഖലയിൽ നടക്കുന്ന അഴിമതിയുടെ അടിസ്ഥാനത്തിൽ നടത്തിയ മൂല്യനിർണയത്തിൽ, പൂജ്യം മുതൽ 100 വരെയുള്ള സ്‌കോറുകൾ നൽകിയാണ് റാങ്കിങ് നടത്തിയിരിക്കുന്നത്. 2012 മുതല്‍ അഴിമതി കുറയ്ക്കുന്നതില്‍ 32 രാജ്യങ്ങള്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, അതേ കാലയളവില്‍ 148 രാജ്യങ്ങളിൽ അഴിമതിയുടെ അളവ് വര്‍ധിച്ചിട്ടുണ്ട്. ആഗോള ശരാശരി സ്‌കോര്‍ 43ല്‍ തുടരുകയാണ്.
നൂറിൽ 90 സ്കോർ നേടിയാണ് ഡെന്മാർക്ക് ഏറ്റവും കുറഞ്ഞ അഴിമതിയുളള രാജ്യമായി മാറിയത്. പിന്നാലെ ഫിൻലൻഡും സിംഗപ്പൂരും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഇന്ത്യയുടെ സ്ഥാനം പട്ടികയിൽ 96 ആണ്. 2023 ല്‍ 93-ാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ സ്ഥാനം കൂടുതൽ മോശമായി. 2024ല്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള സ്‌കോര്‍ 38 ആണ്. 2023ല്‍ ഇത് 39ഉം 2022ല്‍ 40ഉം ആയിരുന്നു.
ഏറ്റവും അഴിമതി നിറഞ്ഞ രാഷ്ട്രങ്ങളുടെ പട്ടികയിൽ എട്ടുപോയിന്റുള്ള ദക്ഷിണ സുഡാന് പിന്നാലെ സൊമാലിയ, വെനസ്വേല, സിറിയ എന്നിവയും അഴിമതിയുടെ കാര്യത്തില്‍ മുൻനിരയിലുണ്ട്.
ഏറ്റവും കൂടുതൽ അഴിമതിയുള്ള 10 രാജ്യങ്ങൾ
റാങ്ക് 180: ദ. സുഡാൻ (സ്കോർ: 8)
റാങ്ക് 179: സോമാലിയ (സ്കോർ: 9)
റാങ്ക് 178: വെനസ്വേല (സ്കോർ: 10)
റാങ്ക് 177: സിറിയ (സ്കോർ: 12)
റാങ്ക് 173: യമൻ (സ്കോർ: 13)
റാങ്ക് 173: ലിബിയ (സ്കോർ: 13)
റാങ്ക് 173: ഇക്വറ്റോറിയൽ ഗിനിയ (സ്കോർ: 13)
റാങ്ക് 172: നിക്കരാഗ്വ (സ്കോർ: 14)
റാങ്ക് 170: സുഡാൻ (സ്കോർ: 15)
ഏറ്റവും കുറവ് അഴിമതിയുള്ള 10 രാജ്യങ്ങൾ
റാങ്ക് 1: ഡെന്മാർക്ക് (സ്കോർ: 90)
റാങ്ക് 2: ഫിൻലാൻഡ് (സ്കോർ: 88)
റാങ്ക് 3: സിംഗപ്പൂർ (സ്കോർ: 84)
റാങ്ക് 4: ന്യൂസിലൻഡ് (സ്കോർ: 83)
റാങ്ക് 5: ലക്സംബർഗ് (സ്കോർ: 81)
റാങ്ക് 6: നോർവെ (സ്കോർ: 81)
റാങ്ക് 7: സ്വിറ്റ്സർലാൻഡ് (സ്കോർ: 81)
റാങ്ക് 8: സ്വീഡൻ (സ്കോർ: 80)
റാങ്ക് 9: നെതർലാൻഡ്സ് (സ്കോർ: 78)
റാങ്ക് 10: ആസ്ട്രേലിയ (സ്കോർ: 77)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.