ഇസ്രായേൽ-ഹമാസ് യുദ്ധം: ബൈഡന്‍റെ നിലപാടിനെ എതിർത്ത് ഭൂരിഭാഗം അമേരിക്കക്കാരും
text_fieldsന്യൂയോർക്ക്: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ജോ ബൈഡൻ സ്വീകരിക്കുന്ന നയനിലപാടുകളെ എതിർത്ത് ഭൂരിഭാഗം അമേരിക്കക്കാരും. ന്യൂയോർക്ക് ടൈംസും സിയീന കോളജും നടത്തിയ അഭിപ്രായ സർവേയിൽ പങ്കെടുത്ത 57 ശതമാനം പേരും അമേരിക്കൻ പ്രസിഡന്‍റ് ഗസ്സ യുദ്ധം കൈകാര്യം ചെയ്തതിൽ എതിർപ്പ് രേഖപ്പെടുത്തി.
33 ശതമാനം പേർ മാത്രമാണ് ബൈഡനെ അനുകൂലിക്കുന്നത്. നിലപാടുകളിൽ യുവാക്കൾക്കും പ്രായമായവർക്കും ഇടയിൽ കൃത്യമായ ഭിന്നിപ്പും സർവേയിൽ പ്രകടമായി. 18നും 29നും ഇടയിൽ പ്രായമുള്ളവരിൽ മൂന്നിൽ രണ്ടുപേരും ബൈഡൻ സംഘർഷം കൈകാര്യം ചെയ്ത രീതി അംഗീകരിക്കുന്നില്ലെന്ന് രേഖപ്പെടുത്തി. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടി നിർത്തിവെക്കണമെന്ന് അഭിപ്രായപ്പെടുന്നവരാണ് സർവേയിൽ പങ്കെടുത്ത 44 ശതമാനം പേരും. 39 ശതമാനം പേർ സൈനിക നടപടിയെ അനുകൂലിക്കുന്നു.
ഗസ്സയിൽ നിരപരാധികളായ സിവിലിയന്മാർ കൊല്ലപ്പെടുന്നത് ഒഴിവാക്കാൻ ഇസ്രായേൽ മുൻകരുതലുകളൊന്നും എടുത്തില്ലെന്ന് 48 ശതമാനം പേർ അഭിപ്രായപ്പെട്ടു. ബൈഡനേക്കാൾ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഗസ്സ യുദ്ധം മികച്ച രീതിയിൽ കൈകാര്യം ചെയ്യാനാകുമായിരുന്നെന്നും പകുതിയിലധികം പേരും വിശ്വസിക്കുന്നു. കഴിഞ്ഞദിവസം ഹാർവാർഡ്-ഹാരിസ് പുറത്തുവിട്ട സർവേയിൽ ഇസ്രായേലിനെ പിരിച്ചുവിട്ട് ഭരണം ഹമാസിന് നൽകണം എന്നാണ് ഭൂരിഭാഗം ചെറുപ്പക്കാരായ അമേരിക്കക്കാരും അഭിപ്രായപ്പെട്ടത്.
വെടിനിർത്തൽ ചർച്ചകളും നയതന്ത്ര നീക്കങ്ങളും പുരോഗമിക്കുമ്പോഴും ഗസ്സയിൽ ആശുപത്രികളിലും താമസകേന്ദ്രങ്ങളിലും ഇസ്രായേൽ സേന വ്യോമാക്രമണം തുടരുകയാണ്. റഫയിലെ താമസ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ 13 ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.