അസുഖമാണെന്ന് കള്ളം പറഞ്ഞു; മകളെ എട്ട് വർഷം വീൽചെയറിൽ ഇരുത്തി അമ്മ
text_fieldsലണ്ടൻ: അമ്മയുടെ നിർബന്ധം കാരണം ആരോഗ്യവതിയായ മകൾ വീൽചെയറിൽ ചിലവഴിച്ചത് എട്ട് വർഷം. മകളോട് കള്ളം പറഞ്ഞാണ് അമ്മ വീൽചെയറിൽ കഴിയാൻ പ്രേരിപ്പിച്ചത്. ഇതോടൊപ്പം മകൾക്ക് അപസ്മാരത്തിന്റെ മരുന്നുകളും നൽകിയിരുന്നു. ഇപ്പോൾ 12 വയസുള്ള മകൾ നാല് വയസുമുതൽ വീൽചെയറിലാണ് കഴിയുന്നത്. മകൾക്ക് സ്വന്തമായി ഭക്ഷണം കഴിക്കാനോ നടക്കാനോ കഴിയില്ലെന്നും ശാരീരികാസ്വാസ്ഥ്യമുണ്ടെന്നും അമ്മ ഡോക്ടർമാരെയും ബോധ്യപ്പെടുത്തിയിരുന്നു. വീൽചെയറിലാണ് കുട്ടി സ്കൂളിൽ പോയിരുന്നതെന്നും കുടുംബത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
ലണ്ടൻ ഹൈക്കോടതിയിലെ ഫാമിലി ഡിവിഷനിൽ നടന്ന സ്വകാര്യ ഹിയറിങിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തെളിവുകൾ പരിശോധിച്ച ശേഷം ജഡ്ജി തന്‍റെ നിഗമനങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. അങ്ങിനെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുട്ടിക്ക് പ്രശ്‌നങ്ങളുള്ളതായി ചിത്രീകരിക്കാൻ അമ്മയെ പ്രേരിപ്പിച്ചത് എന്താണെന്ന് ഇനിയും വെളിപ്പെട്ടിട്ടില്ല. മകൾക്ക് മറ്റ് അസുഖങ്ങൾക്കൊപ്പം 'അനിയന്ത്രിതമായ അപസ്മാരം, ഓട്ടിസം' എന്നിവ ഉണ്ടെന്നാണ് അമ്മ പറഞ്ഞിരുന്നത്. മകളുടെ ആരോഗ്യത്തെയും പെരുമാറ്റത്തെയും കുറിച്ച് അമ്മ ഡോക്ടർമാർക്ക് 'അതിശയോക്തിപരമോ തെറ്റായതോ ആയ വിവരണം' നൽകിയതായും കോടതി കണ്ടെത്തി.
സാങ്കൽപ്പിക അസുഖങ്ങൾ ഇത്രയും കാലം തുടർന്നതിനാൽ പെൺകുട്ടിയുടെ ശരീരത്തിന് കാര്യമായ ദോഷം സംഭവിച്ചെന്നും കോടതി നിരീക്ഷിച്ചു. 2012 മുതൽ അമ്മ മകൾക്ക് വ്യാജ രോഗ ലക്ഷണങ്ങൾ ആരോപിക്കാൻ തുടങ്ങിയിരുന്നു. 2013ൽ അമ്മ റിപ്പോർട്ട്ചെയ്തത് പ്രകാരം മകൾക്ക് വീൽചെയർ നൽകി. 2017ൽ മരുന്നുകൾ വർധിപ്പിക്കുകയും പ്രത്യേക ഭക്ഷണക്രമം ഉൾപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഭക്ഷണം കൊടുക്കാനായി കൃത്രിമ ട്യൂബ് ഘടിപ്പിച്ചു. 2018 ന്‍റെ തുടക്കത്തിൽ, ട്യൂബ് മാറ്റിസ്ഥാപിക്കാനുള്ള അപ്പോയിൻമെന്റിനിടെ പെൺകുട്ടി അമ്മയുടെ പെരുമാറ്റത്തെകുറിച്ച് സംശയം ഉന്നയിക്കുകയായിരുന്നു.
2019 ഒക്ടോബറിൽ സാമൂഹ്യ പ്രവർത്തകർ അമ്മയിൽ നിന്ന് അവളെ ഏറ്റെടുത്തശേഷമാണ് ആരോഗ്യവതിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ ബന്ധുക്കളോടൊപ്പം താമസിക്കാൻ അനുവദിക്കുകയായിരുന്നു. പെൺകുട്ടി സാധാരണ കുട്ടിയാണെന്നും ശാരീരികമായി തികച്ചും ആരോഗ്യവതിയാണെന്നും ജഡ്ജി ജൂഡ് തന്‍റെ കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.