കോവിഡ് വാക്സിൻ നൽകാതിരിക്കാൻ അമ്മ കുട്ടികളെ 'തട്ടിക്കൊണ്ടു'പോയെന്ന്; 46കാരി റിമാൻഡിൽ
text_fieldsമഡ്രിഡ്: കോവിഡ് വാക്സിനേഷൻ നൽകാതിരിക്കാൻ കുട്ടികളെ മാതാവ് തട്ടിക്കൊണ്ടുപോയതായി മുൻ ഭർത്താവിന്‍റെ പരാതി. 14ഉം 12ഉം വയസ് പ്രായമായ രണ്ടു ആൺകുട്ടികളെയാണ് 46കാരി പിതാവിന്‍റെ സമ്മതമില്ലാതെ കൂട്ടിക്കൊണ്ടുപോയത്. മുൻ ഭർത്താവിന്‍റെ പരാതിയിൽ 46കാരിയെ കസ്റ്റഡിയിലെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
സ്പെയിനിന്റെ തെക്കൻ നഗരമായ സെവില്ലേയിലാണ് കുട്ടികളും പിതാവും താമസിച്ചിരുന്നത്. അവിടെനിന്ന് സമ്മതമില്ലാതെ കുട്ടികളെ അമ്മ കടത്തിക്കൊണ്ടുപോയെന്ന് പിതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഡിസംബർ പകുതിയോടെയാണ് പിതാവ് പൊലീസിൽ പരാതി നൽകിയത്. നവംബർ നാലുമുതൽ താൻ കുട്ടികളെ കണ്ടിട്ടില്ലെന്നും മക്കളെ കൂട്ടിക്കൊണ്ടുപോയതായി മുൻ ഭാര്യയിൽനിന്ന് കത്ത് ലഭിച്ചതായും പരാതിയിൽ പറയുന്നു. കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകണോ എന്ന തീരുമാനിക്കാനുള്ള അവകാശം പിതാവിനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെയായിരുന്നു തട്ടിക്കൊണ്ടുപോകൽ. കുട്ടികളുടെ സ്കൂൾ മാറ്റാനും അവർ പദ്ധതിയിട്ടിരുന്നതായി പരാതിയിൽ പറയുന്നു.
ബുധനാഴ്ച രാവിലെ കുട്ടികളെയും മാതാവിനെയും പൊലീസ് കണ്ടെത്തി. യുവതിയെ കസ്റ്റഡിയിലെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. കുട്ടികളെ പിതാവിന് കൈമാറുകയും ചെയ്തതായി സ്പെയിനിലെ ഗ്വാർഡിയ സിവിൽ പൊലീസ് അറിയിച്ചു.
സ്പെയിൻ അടക്കം നിരവധി യൂറോപ്യൻ രാജ്യങ്ങൾ അഞ്ചുവയസുമുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് ഡിസംബർ 15 മുതൽ വാക്സിനേഷൻ ആരംഭിച്ചിരുന്നു. 12 വയസിന് മുകളിലുള്ള 90 ശതമാനം പേരും സ്പെയിനിൽ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.