ശോകമൂകമായി വത്തിക്കാൻ; പോപിന്റെ മൃതദേഹം തിങ്കളാഴ്ച മുതൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൊതുദർശനത്തിന് വെക്കും
text_fieldsവത്തിക്കാൻ: പോപ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ നിര്യാണത്തെ തുടർന്ന് വത്തിക്കാനിലെ പുതുവർഷാരംഭം ശോകമൂകമായിരുന്നു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പുതുവർഷത്തോടനുബന്ധിച്ച് നടന്ന കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിച്ചു.
ബസിലിക്കയിലേക്ക് വീൽചെയറിൽ എത്തിയ മാർപാപ്പ ക്ഷീണിതനായിരുന്നു. തന്റെ പ്രസംഗത്തിൽ യുക്രെയ്ൻ യുദ്ധമടക്കം പരാമർശിച്ച് ലോകസമാധാനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മാർപാപ്പ, മുൻഗാമിയായ ബെനഡിക്ട് പതിനാറാമൻ ഈ വിഷയത്തിൽ നടത്തിയ ശ്രമങ്ങളും അനുസ്മരിച്ചു. ബെനഡിക്ട് പതിനാറാമന്റെ മൃതദേഹം തിങ്കളാഴ്ച മുതൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ മൂന്ന് ദിവസം പൊതുദർശനത്തിന് വെക്കും. ഇതിന്റെ ഒരുക്കം നടക്കുന്നതിനിടെയായിരുന്നു പുതുവർഷാരംഭത്തിലെ തിരുക്കർമങ്ങൾ.
പോപ് എമിരിറ്റസിന്റെ ആഗ്രഹപ്രകാരം ലളിതവും ശാന്തവുമായ രീതിയിലായിരിക്കും വ്യാഴാഴ്ച സംസ്കാരച്ചടങ്ങുകൾ. ആറു നൂറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമായാണ് ഒരു മാർപാപ്പ തന്റെ മുൻഗാമിയുടെ സംസ്കാരചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. 2013ൽ ബെനഡിക്ട് പതിനാറാമൻ സ്ഥാനമൊഴിഞ്ഞതോടെയാണ് ഫ്രാൻസിസ് മാർപാപ്പ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്.
മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് ഒരു വർഷത്തിനുശേഷം, 2006ൽ എഴുതിയ ബെനഡിക്ട് പതിനാറാമന്റെ ആത്മീയ സാക്ഷ്യം ശനിയാഴ്ച രാത്രി വത്തിക്കാൻ പുറത്തിറക്കി.
അനുശോചനപ്രവാഹം
വത്തിക്കാൻ: പോപ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ നിര്യാണത്തിൽ അനുശോചനപ്രവാഹം. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പുതുവത്സരത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ ഫ്രാൻസിസ് മാർപാപ്പ പോപ് എമിരിറ്റസിനെ അനുസ്മരിച്ചു.
ദയാലുവും കുലീന വ്യക്തിത്വത്തിനുടമയുമായിരുന്നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെന്നും അദ്ദേഹത്തെ സഭക്കും ലോകത്തിനും നൽകിയതിന് ദൈവത്തിന് നന്ദിയെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.ദൈവശാസ്ത്രജ്ഞൻ എന്ന നിലയിലുള്ള ബെനഡിക്ട് പതിനാറാമന്റെ സംഭാവനകൾ അദ്വിതീയമാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അനുസ്മരണസന്ദേശത്തിൽ പറഞ്ഞു. 2011-ൽ ബെനഡിക്ടിനൊപ്പം വത്തിക്കാനിൽ ചെലവഴിച്ച കാര്യവും അദ്ദേഹം അനുസ്മരിച്ചു.
ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂലാ ഡ സിൽവ, യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസ്, ബ്രിട്ടനിലെ ചാൾസ് രാജാവ് തുടങ്ങി നിരവധി നേതാക്കൾ അനുശോചനമറിയിച്ചു.
ജനുവരി രണ്ടുമുതൽ മൂന്നു ദിവസം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് പൊതുദർശനം. വ്യാഴാഴ്ച ഇറ്റാലിയൻ സമയം രാവിലെ 9.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.00) വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ കാർമികത്വം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.