മിഷിഗൺ സ്റ്റേറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽ വെടിവെപ്പ്; മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്
text_fieldsമിഷിഗൺ: യു.എസിലെ പ്രശസ്തമായ മിഷിഗൺ സ്റ്റേറ്റ് യൂനിവേഴ്സിറ്റി കാമ്പസിലുണ്ടായ വെടിവെപ്പിൽ മൂന്ന് മരണം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് വെടിവെപ്പ് ആരംഭിച്ചത്. യൂനിവേഴ്സിറ്റി കാമ്പസിനുള്ളിൽ രണ്ടിടത്തായാണ് വെടിവെപ്പുണ്ടായത്. ബർകെ ഹാൾ എന്നറിയപ്പെടുന്ന അക്കാദമിക് കെട്ടിടത്തിനു സമീപത്തും ഐ.എം ഇസ്റ്റ് എന്ന അത് ലെറ്റിക് ഫെസിലിറ്റിയിലുമാണ് വെടിവെപ്പ് നടന്നത്.
വെടിവെപ്പിൽ പരിക്കേറ്റ അഞ്ചുപേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ചിലരുടെ അവസ്ഥ ഗുരുതരമാണെന്നും പൊലീസ് വ്യക്തമാക്കി. വിദ്യാർഥികളും അധ്യാപകരും സുരക്ഷിതമായ സ്ഥലത്ത് അഭയം തേടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
വെടിവെപ്പ് നടന്ന ഇടങ്ങളിൽ നിന്ന് ആളുകളെ പൊലീസ് ഒഴിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥർ കാമ്പസിൽ കൂട്ടം കൂടി നിൽക്കുന്നതിന്റെ വിഡിയോകൾ പ്രചരിക്കുന്നുണ്ട്.
കാൽനടയായയെത്തിയ മാസ്ക് വെച്ച കുറിയ മനുഷ്യനാണ് വെടിയുതിർത്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്കുവേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു
വെടിവെപ്പിനെ തുടർന്ന് 48 മണിക്കൂർ നേരത്തേക്ക് സർവകലാശാല അടച്ചുപുട്ടി. 50,000ലേറെ ബിരുദ -ബിരുദാനന്തര ബിരുദ വിദ്യാർഥികൾ പഠിക്കന്ന സർവകലാശാലയാണ് മിഷിഗൺ യൂനിവേഴ്സിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.